പത്തനംതിട്ട: പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോർട്. യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് റിപ്പോർട്ടിൽ പറയുന്നത്. ഇത് സംബന്ധിച്ച റിപ്പോർട് എക്‌സൈസ് വിഭാഗം ഉന്നത ഉദ്യോഗസ്‌ഥർക്ക് കൈമാറി.
യുമോർച്ച ബന്ധമുള്ള ഉദ്യോഗസ്‌ഥർ യുവാവിനെതിരെ കള്ളക്കേസെടുത്തു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. കോന്നി മൈലാടുംപാറ സ്വദേശി യദുകൃഷ്‌ണനെയാണ് കഞ്ചാവുമായി എക്‌സൈസ് തിങ്കളാഴ്‌ച പിടികൂടിയത്. രണ്ട് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചിരുന്നു. എന്നാൽ, കഞ്ചാവുമായി യദു കൃഷ്‌ണനെ എക്‌സൈസ് പിടികൂടിയിട്ടില്ല എന്നായിരുന്നു സിപിഎമ്മിന്റെ ആദ്യ വാദം.
യദുകൃഷ്‌ണനെ കഞ്ചാവ് കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്നും അസീസ് എന്ന എക്‌സൈസ് ഉദ്യോഗസ്‌ഥനാണ് പിന്നിലെന്നും സിപിഎം നേതൃത്വം പറഞ്ഞിരുന്നു. സിപിഎമ്മിലേക്ക് 62 പേർ ചേർന്നത് ബിജെപിക്ക് ക്ഷീണമായി. ബിജെപി വിട്ടുപോകുന്നവർക്കുള്ള മുന്നറിയിപ്പാണ് കഞ്ചാവ് കേസിൽ പെടുത്തും എന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു. കഞ്ചാവ് കൈവശം ഉണ്ടായിരുന്നില്ലെന്ന് പാർട്ടി നേതൃത്വത്തെ യദുകൃഷ്‌ണൻ അറിയിച്ചതായും സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി സെക്രട്ടറി എംവി സഞ്‌ജു മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
Most Read| നീറ്റ് യുജി; ചോദ്യപേപ്പർ ചോർന്നത് ജാർഖണ്ഡിലെ വിദ്യാലയത്തിൽ നിന്നെന്ന് കണ്ടെത്തൽ