ന്യൂ ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്കു നേരെയുള്ള ഡിസ് ലൈക്ക് പ്രചാരണത്തിൽ പ്രതികരണവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. എത്ര പ്രചരിപ്പിച്ചാലും വ്യാജ ഉൽപന്നങ്ങൾക്ക് വിപണിയിൽ അധികം ആയുസ് ഉണ്ടാകില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് സിൻഹ പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലെ സമീപകാല ഡിസ് ലൈക്കുകൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും എല്ലാ ആളുകളെയും കബളിപ്പിക്കാൻ കഴിയില്ല എന്ന പഴഞ്ചൊല്ല് വീണ്ടും സാധൂകരിക്കുന്നു. നാണംകെട്ട ഗോഡി മാദ്ധ്യമങ്ങൾ അശ്രാന്ത പരിശ്രമങ്ങൾ നടത്തിയാലും ഒരു വ്യാജ ഉൽപന്നം വിപണിയിൽ എല്ലാ കാലവും നിലനിൽക്കില്ല”- യെശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.
The recent dislikes on PM’s social media posts validates once again the old adage that you cannot fool all the people all the time. A fake product does not last in the market for ever despite the tireless efforts of the damned Godi media.
— Yashwant Sinha (@YashwantSinha) September 7, 2020
പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പരിപാടിയുടെ യുട്യൂബ് വീഡിയോക്ക് ലൈക്കുകളേക്കാൾ കൂടുതൽ ഡിസ് ലൈക്കുകളായിരുന്നു ലഭിച്ചിരുന്നത്. നീറ്റ്-ജെഇഇ പരീക്ഷകൾ കോവിഡ് കാലത്ത് നടത്തുന്നതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളാണ് പ്രധാനമന്ത്രിക്കെതിരെ ഡിസ് ലൈക്ക് ക്യാമ്പയിനുമായി തിരിഞ്ഞത് എന്നായിരുന്നു റിപ്പോർട്ട്. ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് അക്കൗണ്ടിൽ ഷെയർ ചെയ്ത വീഡിയോക്കാണ് കൂടുതൽ ഡിസ് ലൈക്ക് ലഭിച്ചത്.
വീഡിയോ അപ് ലോഡ് ചെയ്ത് 19 മണിക്കൂറിനുള്ളിൽ ഇരുപത്തിരണ്ടായിരത്തോളം ലൈക്കുകൾ ലഭിച്ചപ്പോൾ, ഡിസ് ലൈക്കുകളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞിരുന്നു.
പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടി ബിജെപി അവരുടെ ഔദ്യോഗിക യൂട്യൂബിൽ അപ്ലോഡ് ചെയ്യാറുണ്ട്. ഇത് ആദ്യമായാണ് പരിപാടിക്കെകതിരെ ഡിസ് ലൈക്ക് ക്യാമ്പയിൻ നടന്നത്.







































