തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം കൂടി വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, സംസ്‌ഥാനത്ത് കാലവർഷം ഇന്ന് എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ശക്‌തിപ്രാപിച്ചാൽ അലർട്ടുകളിൽ മാറ്റം വരാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്.
അതേസമയം, കൊച്ചിയിൽ ഇന്നലെ രാത്രി മഴ വിട്ടുനിന്നത് നേരിയ ആശ്വാസമായി. കളമശേരിയിലെയും തൃക്കാക്കരയിലെയും താഴ്‌ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ചെറിയ അളവിൽ കുറഞ്ഞുവരികയാണ്. തുടർച്ചയായി രണ്ടുദിവസം വെള്ളം കയറിയ മൂലേപ്പാടം, വിആർ തങ്കപ്പൻ റോഡിലാണ് രൂക്ഷമായ പ്രതിസന്ധി തുടരുന്നത്. അശാസ്‌ത്രീയമായി നിർമിച്ച കലുങ്കുകളും തോടുകളുമാണ് സ്‌ഥിതി രൂക്ഷമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി.
ആലപ്പുഴ ജില്ലയിൽ എട്ട് ക്യാമ്പുകൾ കൂടി തുറന്നു. കാർത്തികപ്പള്ളി താലൂക്കിൽ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ക്യാമ്പുകളുടെ എണ്ണം 17 ആയി. അതിനിടെ, തീരദേശ മേഖലകളിലും ഇടനാടുകളിലും കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി.
Most Read| മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്