ഹൈദരാബാദ് : രാജ്യത്ത് വീണ്ടും യുവാവിന്റെ ജീവനെടുത്ത് ദുരഭിമാനക്കൊല. ഹൈദരാബാദിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. 28 കാരനായ ഹേമന്ത് കുമാറാണ് ദുരഭിമാനക്കൊലയുടെ ഇരയായത്. ജാതിയുടെ പേരില്‍ നടന്ന കൊലപാതകത്തില്‍ ഹേമന്തിന്റെ ഭാര്യ അവന്തി റെഡ്‌ഡിയുടെ മാതാപിതാക്കളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് അറിയിച്ചു.
ജാതി മാറി വിവാഹം ചെയ്‌തതിന്റെ പേരില്‍ സെപ്റ്റംബര്‍ 24 നാണ് ഹേമന്ത് കുമാറിനെ ഭാര്യയുടെ വീട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരു ജാതിയായതിനാല്‍ ഇവരുടെ വിവാഹം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന അവന്തി ജൂണ്‍ 10 നാണ് വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ഹേമന്തിനെ വിവാഹം ചെയ്‌തത്. തുടര്‍ന്ന് ഇരുവരും ഹൈദരാബാദില്‍ വീട്ടുകാര്‍ അറിയാതെ താമസിച്ചു വരികയായിരുന്നു. എന്നാല്‍ ഈയിടെ ഇരുവരും ഹൈദരാബാദില്‍ ഉണ്ടെന്നറിഞ്ഞ അവന്തിയുടെ വീട്ടുകാര്‍ ഇവരെ കൊല്ലാനായി വാടക ഗുണ്ടകളെ ഏര്‍പ്പാടാക്കിയിരുന്നു.
വാടകവീട്ടിലെത്തിയ ഗുണ്ടകള്‍ അവന്തിയെയും ഹേമന്തിനെയും കാറില്‍ കൊണ്ടുപോകുന്നതിനിടെ അവന്തി രക്ഷപ്പെടുകയായിരുന്നു. ശേഷം അവന്തി പോലീസില്‍ അഭയം തേടി. എന്നാല്‍ ഹേമന്തിനെ ഈ സമയത്ത് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. അവന്തിയുടെ മാതാപിതാക്കള്‍ ഏര്‍പ്പെടുത്തിയ വാടക ഗുണ്ടകളാണ് ഹേമന്തിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. കേസില്‍ ഇതുവരെ പതിനാല് പ്രതികളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അവന്തിയുടെ പിതാവ് ഡി ലക്ഷ്‍മി റെഡ്ഡി, മാതാവ് അര്‍ച്ചന എന്നിവരും അറസ്‌റ്റ് ചെയ്‌തവരില്‍ ഉള്‍പ്പെടുന്നുണ്ട്.
Read also : സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്







































