കൂത്തുപറമ്പ് ∙ അഞ്ചരക്കണ്ടി പുഴയിൽ ചാമ്പാടിനടുത്ത് കുന്നിരിക്കയിൽ ഒഴുക്കിൽപെട്ട് പെരളശ്ശേരിക്കടുത്ത ബാവോട്ട് പാലേരിമട്ടെ ലങ്കോട്ടിമുക്കിലെ രജീഷ നിവാസിൽ സിപി രാജന്റെ മകൻ ശരത്തിനെ (32) കാണാതായി. പുഴക്കരയിലെ പറമ്പിൽ മരം മുറിക്കാൻ എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന യുവാവ് മറുകരയിലേക്ക് നീന്തുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്. കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ, കണ്ണൂർ അഗ്നിരക്ഷാ യൂണിറ്റുകൾ രാത്രി വരെയും തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. തൊട്ടുപിറകെയുണ്ടായിരുന്ന ആൾ മരക്കമ്പിൽ പിടിക്കാൻ വിളിച്ചു പറഞ്ഞെങ്കിലും കൈ തളർന്ന് ഒഴുക്കിൽ പെടുകയായിരുന്നു. നിർമാണ തൊഴിലാളിയായ ശരത്ത് ജോലി കുറഞ്ഞതിനാലാണ് ഇന്നലെ മരം വെട്ടുകാരനായ സുഹൃത്തിന്റെ കൂടെ ജോലിക്ക് ചേർന്നത്. മുറിച്ചിട്ട മരം പുഴയിലൂടെ ഇക്കരെ എത്തിച്ച് വാഹനത്തിൽ കൊണ്ടു പോകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ പുഴ മുറിച്ച് നീന്തുമ്പോഴാണ് അപകടത്തിൽപെട്ടത്. യുവാവിന് നന്നായി നീന്തൽ അറിയാമെന്നാണ് കൂടെയുള്ളവർ പറയുന്നത്.
പാനൂർ, തലശ്ശേരി, കണ്ണൂർ യൂണിറ്റുകൾ കൂടി എത്തി സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഇറക്കിയ തോണികളും ഫയർ ഫോഴ്സിന്റെ സ്കൂബ ഡിങ്കി സംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ.
Also Read: താനൂരിൽ പെട്രോൾ ടാങ്കർ അപകടം; ഇന്ധന ചോർച്ച, ആളുകളെ മാറ്റി പാർപ്പിച്ചു


































