കോഴിക്കോട്: ജില്ലയിലെ കല്ലാച്ചിയിൽ മന്ത്രവാദ ചികിൽസയെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്ത്. കല്ലാച്ചി സ്വദേശി നൂർജഹാനാണ് മന്ത്രവാദ ചികിൽസയെ തുടർന്ന് മരിച്ചത്. നൂർജഹാന്റെ ഭർത്താവ് ജമാലിനെതിരെയാണ് കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നൂർജഹാന്റെ ഒരു മകളും ചികിൽസ കിട്ടാതെ മരിച്ചെന്ന് കുടുംബം ആരോപിക്കുന്നു.
ഒന്നര വയസുകാരിയായ മകൾക്ക് തലയ്‌ക്ക് ട്യൂമർ ബാധിച്ചിട്ടും മതിയായ മെഡിക്കൽ ചികിൽസ നൽകിയില്ലെന്നും അന്നും മന്ത്രവാദ ചികിൽസയാണ് നടത്തിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ ജമാൽ അനുവദിച്ചില്ലെന്നും ചികിൽസ കിട്ടാതെയാണ് ഒന്നര വയസുണ്ടായിരുന്ന മകൾ മരിച്ചതെന്നും നൂർജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു. ഇന്നലെയാണ് നൂർജഹാൻ മന്ത്രവാദ ചികിൽസയെ തുടർന്ന് മരിച്ചത്. ഭർത്താവ് ജമാൽ ആശുപത്രി ചികിൽസ നിഷേധിച്ച് യുവതിയെ ആലുവയിലെ മത കേന്ദ്രത്തിൽ എത്തിച്ചെന്നും, അവിടെവെച്ചു ചികിൽസ കിട്ടാതെ മരിച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണം ഉണ്ടായി പഴുപ്പുവരുന്ന രോഗം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, രോഗം കലശലായപ്പോൾ ജമാൽ ഭാര്യക്ക് ആശുപത്രി ചികിൽസ നൽകിയില്ല. നേരത്തെ എതിർപ്പ് അവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയിരുന്നു. എന്നാൽ, ചികിൽസ തുടരാൻ ജമാൽ അനുവദിച്ചിരുന്നില്ല.
തുടർന്ന് തിങ്കളാഴ്‌ച വൈകിട്ട് ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജമാൽ ഇന്നലെ പുലർച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചു അറിയിക്കുകയായിരുന്നു. സംഭവത്തിൽ വളയം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്. നൂർജഹാന്റെ മൃതദേഹം ഇന്ന് ഇൻക്വസ്‌റ്റ് നടത്തും. ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽവെച്ചു പോസ്‌റ്റുമോർട്ടം നടത്തും.
Most Read: റിസർവ് ബാങ്ക് വായ്‌പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കുകളിൽ മാറ്റമില്ല








































