കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് എത്തിച്ച പ്രതിയുടെ ആക്രമണത്തിൽ കുത്തേറ്റ വനിതാ ഡോക്‌ടർ മരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി വന്ദനയാണ് (22) മരിച്ചത്. ഡോക്‌ടർ ഉൾപ്പടെ മൂന്നുപേരെ പ്രതി കുത്തി പരിക്കേൽപ്പിച്ചതായാണ് വിവരം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.
നെടുമ്പനയിലെ യുപി സ്‌കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപ് ആണ് ആക്രമിച്ചത്. ഇയാളുടെ അറസ്‌റ്റ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിന് മുറിവേറ്റിരുന്നു. തുടർന്ന് പോലീസ് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചു. മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെ ഉണ്ടായിരുന്ന കത്രിക എടുത്ത് ഡോക്‌ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന പോലീസുകാരെയും സന്ദീപ് കുത്തി. പുറകിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റ ഡോക്‌ടർ വന്ദനാ മേനോനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെയാണ് മരണം. ആശുപത്രിയിലെ ഹോം ഗാർഡ്, കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ എന്നിവർക്കും കുത്തേറ്റു. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്‌ഥാന വ്യാപകമായി സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. കൊല്ലത്ത് ഡോക്‌ടർമാർ പൂർണമായും പണിമുടക്കും.
Most Read: താനൂർ ബോട്ടപകടം; സ്രാങ്ക് ദിനേശൻ പിടിയിൽ