കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പ്രസിഡണ്ടായിരുന്ന പിപി ദിവ്യയെ അറസ്‌റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. പോലീസ് ജീപ്പിൽ ദിവ്യക്കായുള്ള പ്രതീകാൽമക ലുക്ക്‌ഔട്ട് നോട്ടീസ് പതിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷന് മുന്നിലും പോലീസ് ജീപ്പിന് മേലുമാണ് നോട്ടീസ് പതിച്ചത്. കസ്‌റ്റഡിയിൽ എടുത്ത പ്രവർത്തകനെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് പ്രവർത്തകർ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് പ്രതിഷേധക്കാരെ അകത്തേക്ക് വിളിച്ച് പോലീസ് ചർച്ച നടത്തി.
നവീൻ ബാബുവിന്റെ മരണത്തിൽ കേസെടുത്ത് ആറ് ദിവസമായിട്ടും പിപി ദിവ്യയെ ചോദ്യം ചെയ്യാൻ തയ്യാറാകാത്തതിൽ പോലീസിനെതിരെ വിമർശനം ശക്‌തമാവുകയാണ്. മറ്റന്നാൾ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് പോലീസ് റിപ്പോർട് നൽകും. നവീൻ ബാബുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടും അന്വേഷണ സംഘത്തിന് ലഭിച്ചു. തൂങ്ങിമരണമെന്ന് സ്‌ഥിരീകരിക്കുന്നതാണ് റിപ്പോർട്.
അതിനിടെ, നവീൻ ബാബു ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ കണ്ടെത്തിയിട്ടുണ്ട്. ഫയൽ വൈകിപ്പിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ തെളിവില്ലെന്നും കണ്ടെത്തി. കളക്‌ടറുടെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പിപി ദിവ്യ മൊഴി നൽകിയിട്ടില്ല. എ ഗീതയുടെ അന്വേഷണ റിപ്പോർട് ഇന്നോ നാളെയോ സർക്കാരിന് കൈമാറും.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും