തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.
കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിൻ്റെ ചുമതല. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഈ കേസിന്റെ അന്വേഷണമാണ് പുതിയ അന്വേഷണസംഘം ഏറ്റെടുക്കുക. അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്.
എസ്‌പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പടെ അന്വേഷിക്കുമെന്നാണ് വിവരം. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പിയെ കൂടാതെ തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണർ ഡികെ പ്യഥിരാജും സംഘത്തിൽ ഉണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നവീൻ കുമാറിനെയും ഫർസിൻ മജീദുമാണ് വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇവരെ റിമാൻഡ് ചെയ്‌തു. ഈ മാസം 27 വരെയാണ് നവീൻ കുമാറിനെയും ഫർസിൻ മജീദിനെയും റിമാൻഡ് ചെയ്‌തത്. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്‌തത്. ഇരുവരുടെയും ജാമ്യ ഹരജിയിൽ നാളെയും വാദം തുടരും.
Most Read: യുപി ബുൾഡോസർ നടപടി; സുപ്രീം കോടതി ഇടപെടണമെന്ന് മുൻ ജഡ്‌ജിമാർ






































