ഓടുന്ന ട്രെയിനിൽ നിന്ന് വീണ 25 വയസുകാരനെ തക്ക സമയത്തെത്തി ആശുപത്രിയിൽ എത്തിച്ച് പുതുജീവൻ നൽകിയിരിക്കുകയാണ് സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടറായ പിആർ സുധാകരൻ. ബുധനാഴ്ച പുലർച്ചെ ആയിരുന്നു സംഭവം.
പുലർച്ചെ രണ്ടരയോടെയാണ്, ഫോൺ റിങ് ചെയ്യുന്നത് കേട്ട് സുധാകരൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത്. മുളങ്കുന്നത്തുകാവിന് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് ആരോ വീണിരിക്കുന്നു എന്ന സന്ദേശമാണ് സുധാകരന് ലഭിച്ചത്. കൃത്യ സ്ഥലം സന്ദേശത്തിൽ ഉണ്ടായിരുന്നില്ല. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ മലബാർ എക്സ്പ്രസിൽ നിന്നാണ് വീണതെന്ന് മാത്രമാണ് അറിഞ്ഞത്.
വിവരം കേട്ടയുടൻ കോലഴിയിലെ തെക്കൂട്ട് വീട്ടിൽ നിന്ന് സുധാകരൻ നേരെ മുളങ്കുന്നത്തുകാവിലെ റെയിൽപ്പാളത്തിലേക്ക് പാഞ്ഞു. നാട്ടുകാരെക്കൂടി വിളിച്ചുണർത്തി, തിരച്ചിൽ ആരംഭിച്ചു. അധികം മുന്നോട്ടു പോകേണ്ടിവന്നില്ല. പോട്ടോർ കാർത്യായനി ക്ഷേത്രത്തിനടുത്ത് റെയിൽവേപ്പാളത്തിനടുത്ത് വീണുകിടക്കുന്ന നിലയിൽ യുവാവിനെ കണ്ടെത്തി. ബോധരഹിതനായിരുന്നു യുവാവ്.
നേരത്തെ അറിയിച്ചതിന് അനുസരിച്ച് 108 ആംബുലൻസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് യുവാവുമായി പോയി. കൊല്ലം പെരുമാന്തുറ സ്വദേശി സജിൻഷായെ ആണ് സുധാകരൻ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ബുധനാഴ്ച പുലർച്ചെ 2.30നാണ് സജിൻഷാ മലബാർ എക്സ്പ്രസിൽ നിന്ന് ട്രാക്കിലേക്ക് തെറിച്ചുവീണത്. യുവാവ് ട്രെയിനിൽ നിന്ന് വീഴുന്നത് കണ്ട മറ്റൊരു യാത്രക്കാരൻ പോലീസിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം നമ്പറിലേക്ക് സംഭവം വിളിച്ചുപറയുകയായിരുന്നു. അസുഖത്തെ തുടർന്നാണ് യുവാവ് തീവണ്ടിയിൽ നിന്ന് വീണതെന്ന് പരിശോധനയിൽ വ്യക്തമായി. തക്കസമയത്ത് അടിയന്തിര ചികിൽസ ലഭിച്ച സജിൻഷാ അപകടനില തരണം ചെയ്തു.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!






































