അർജുൻ ബാബു എന്ന യുവാവിന്റെ സമയോചിതമായ ഇടപെടലിൽ വീട്ടമ്മയ്‌ക്ക് പുതുജീവൻ. തൊടുപുഴ മണക്കാട് കുന്നത്തുപാറ കടവിൽ ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ഭാര്യ കൃഷ്‌ണപ്രിയയുടെ വീട്ടിലെത്തിയതായിരുന്നു അർജുൻ. ഇതിന് സമീപത്തുള്ള കാക്കടവിൽ തുണി കഴുകുകയായിരുന്ന ശാന്ത (65) ഒഴുകിപ്പോയ തുണി വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
തൊടുപുഴയാറിലെ ഏറ്റവും അപകടം നിറഞ്ഞ ആറാട്ടുകടവിലേക്കാണ് വീട്ടമ്മ ഒഴുകിപ്പോയത്. സംഭവമറിഞ്ഞ അർജുൻ കരയിലൂടെ അരകിലോമീറ്ററോളം ഓടി. സമീപത്തെ വില്ലയുടെ ഭാഗത്ത് എത്തിയപ്പോഴാണ് പുഴയിൽ കൈ കണ്ടത്. വില്ലയിലെ സുരക്ഷാ ജീവനക്കാരന്റെ കൈയിൽ ഫോൺ കൊടുത്തശേഷം അർജുൻ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു.
ശ്വാസതടസമുള്ള ശാന്ത ഈ സമയം കുഴഞ്ഞുപോയിരുന്നു. വെള്ളം കുടിച്ച് അവശയുമായി. അർജുൻ ഇവരെ വെള്ളത്തിൽ നിന്ന് ഉയർത്തി മറുകരയിൽ എത്തിച്ചു. ഇതിനിടെ ശാന്തയുടെ ഭർത്താവും രക്ഷിക്കാനെത്തി. സംഭവമറിഞ്ഞ് എത്തിയ അഗ്‌നിരക്ഷാ സേന ബോട്ടിൽ ഇവരെ കുന്നത്തുപാറയിൽ എത്തിച്ചു. തുടർന്ന് ശാന്തയെ തൊഴുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
പ്‌ളസ് ടുവിന് പഠിക്കുമ്പോൾ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ നീന്തൽ പരിശീലനം നടത്തിയ മണക്കാട് കുന്നത്തുപാറ മനയ്‌ക്കപ്പാറ വീട്ടിൽ അർജുൻ (30) സംസ്‌ഥാനതല നീന്തൽ മൽസരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് പിന്നാലെ അഗ്‌നിരക്ഷാസേന ഉദ്യോഗസ്‌ഥർ ഉൾപ്പടെ അർജുനെ അഭിനന്ദിച്ചു.
Most Read| തറയിൽ വീണ റോസാപൂക്കളോ! പിങ്ക് നിറത്തിൽ വിസ്‌മയമായി മഹർലൂ തടാകം






































