മൂലമറ്റം ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ബാലനെ പ്രദേശവാസിയായ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന ആദി പി. രതീഷിന് (14) ആണ് അയൽവാസി അക്ഷയ് (22) രക്ഷകനായത്.
മൂലമറ്റത്ത് ആംബുലൻസ് ഡ്രൈവറായ താഴത്തുമനയ്‌ക്കൽ രതീഷിന്റെ മകൻ ആദി തിങ്കളാഴ്‌ച വൈകീട്ടാണ് ഒഴുക്കിൽപ്പെട്ടത്. പാലത്തിന് താഴത്തെ കടവിൽ അമ്മ ആഷയ്‌ക്കും സഹോദരൻ അദീഷിനുമൊപ്പം എത്തിയതായിരുന്നു ആദി. പെട്ടെന്ന് ജലനിരപ്പ് ഉയർന്നു, ആദി കാൽവഴുതി ഒഴുക്കിൽപ്പെട്ടു.
വീടിന്റെ തിണ്ണയിൽ ചായ കുടിച്ചിരിക്കുമ്പോഴാണ് അക്ഷയ് ത്രിവേണി സംഗമത്തിൽ നിന്ന് കൂട്ടനിലവിളി കേട്ടത്. നോക്കിയപ്പോൾ ആറിന് നടുവിലൂടെ ഒരാൾ മുങ്ങിത്താഴ്ന്ന് പോകുന്നത് കണ്ടു. തുടർന്നായിരുന്നു രക്ഷാപ്രവർത്തനം. ആറിനരികെയുള്ള പൊന്തക്കാട്ടിലൂടെ ഒരുകിലോമീറ്റർ ഓടി വെള്ളത്തിൽച്ചാടി നീന്തിച്ചെന്ന് ആദിയെ തോളിലേറ്റി കരയ്‌ക്കെത്തിക്കുകയായിരുന്നു.
വിവരമറിഞ്ഞ് മൂലമറ്റത്തുനിന്ന് അഗ്‌നിരക്ഷാ സേനയും തൊടുപുഴയിൽ നിന്ന് സ്‌കൂബാ ടീമും എത്തിയെങ്കിലും അതിന് മുമ്പുതന്നെ അക്ഷയ് ആദിയെ രക്ഷിച്ചിരുന്നു. മൂലമറ്റം സെന്റ് ജോർജ് സ്‌കൂളിലെ ഏഴാം ക്ളാസ് വിദ്യാർഥിയാണ് ആദി. ഹോട്ടൽ മാനേജ്‌മന്റ് വിദ്യാർഥിയാണ് അക്ഷയ്. ചീങ്കല്ലേൽ രാജുവിന്റെയും അനിതയുടെയും മകനാണ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































