പാലക്കാട്: കുത്തേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവമോർച്ച പ്രവർത്തകൻ മരിച്ചു. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറാണ് മരിച്ചത്. നെൻമാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെയാണ് അരുൺ കുമാർ ഇന്ന് മരിച്ചത്. ഈ മാസം രണ്ടിനായിരുന്നു അടിപിടിക്കിടെ അരുൺ കുമാർ കുത്തേറ്റ് ആശുപത്രിയിലാകുന്നത്.
എട്ട് ദിവസത്തോളം ഗുരുതരാവസ്‌ഥയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്. പഴമ്പാലക്കോട് അമ്പലത്തിന് സമീപം ഉണ്ടായ അടിപിടിക്കിടെയാണ് അരുൺ കുമാറിന് കുത്തേറ്റത്. യുവാവിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ബിജെപി ആരോപിച്ചിരുന്നത്. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ കൃഷ്‌ണദാസ്, മണികണ്‌ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് നാല് പേർ ഇന്നലെ കീഴടങ്ങിയതായും വിവരമുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല. കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്. അതേസമയം, അരുൺ കുമാറിന്റെ മരണത്തിൽ അനുശോചിച്ച് നാളെ രാവിലെ മുതൽ വൈകിട്ട് ആറ് വരെ ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുകുറുശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.
Most Read: ബജറ്റ്; സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് പദ്ധതികൾ







































