കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ ചർച്ച നടത്തി യുക്രൈൻ പ്രസിഡണ്ട് വൊളോഡിമർ സെലൻസ്‌കി. യുക്രൈൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെ കുറിച്ച് സെലൻസ്‌കി മോദിയോട് വിശദീകരിച്ചു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോദിയോട് ചൂണ്ടിക്കാട്ടിയതായി സെലൻസ്‌കി വ്യക്‌തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിൽ കൂടിയാണ് സെലൻസ്‌കിയും മോദിയും തമ്മിലുള്ള ചർച്ച. നീണ്ട സംഭാഷണമാണ് മോദിയുമായി നടത്തിയതെന്ന് സെലൻസ്‌കി എക്‌സിൽ കുറിച്ചു. ഉഭയകക്ഷി സഹകരണവും നയതന്ത്ര സാഹചര്യങ്ങളും അടക്കം എല്ലാ പ്രധാന വിഷയങ്ങളും തങ്ങൾ വിശദമായി ചർച്ച ചെയ്‌തുവെന്നും അദ്ദേഹം അറിയിച്ചു.
യുക്രൈനിലെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന ഊഷ്‌മളമായ വാക്കുകൾക്ക് പ്രധാനമന്ത്രിയോട് സെലൻസ്‌കി നന്ദി അറിയിക്കുകയും ചെയ്‌തു. തങ്ങളുടെ സമാധാന ശ്രമങ്ങളിൽ ഇന്ത്യയുടെ പിന്തുണയും അദ്ദേഹം തേടി. യുക്രൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രൈന്റെ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന നിലപാട് പങ്കിടേണ്ടത് പ്രധാനമാണ്. മറ്റ് വഴികൾ ഫലം കാണില്ലെന്നും സെലൻസ്‌കി ചൂണ്ടിക്കാട്ടി.
റഷ്യക്കെതിരായ ഉപരോധങ്ങൾ കുറിച്ചും തങ്ങൾ വിശദമായി ചർച്ച ചെയ്‌തുവെന്ന് സെലൻസ്‌കി പറഞ്ഞു. ”ഈ യുദ്ധം തുടരുന്നതിന് പണം കണ്ടെത്താനുള്ള റഷ്യയുടെ കഴിവും സാധ്യതയും കുറയ്‌ക്കുന്നതിന്, റഷ്യൻ ഊർജത്തിന്റെ, പ്രത്യേകിച്ച് എണ്ണയുടെ, കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഞാൻ ചൂണ്ടിക്കാട്ടി”- സെലൻസ്‌കി എക്‌സിൽ കുറിച്ചു.
റഷ്യയുടെ മേൽ വ്യക്‌തമായ സ്വാധീനമുള്ള ഓരോ നേതായും മോസ്‌കോയിലേക്ക് സൂചനകൾ അയക്കേണ്ടത് പ്രധാനമാണെന്നും സെലൻസ്‌കി പറഞ്ഞു. സെപ്‌തംബറിൽ യുഎൻ പൊതുസഭയ്‌ക്കിടെ പ്രധാനമന്ത്രി മോദിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്‌ച നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു.
Most Read| കടൽവെള്ളത്തിന് ഇളം ചുവപ്പ് നിറം! എന്തെന്ന് മനസിലാവാതെ എടക്കഴിയൂർ ഗ്രാമം