മലപ്പുറം: സ്‌ത്രീ വിരുദ്ധ പരാമർശം നടത്തിയ എംഎസ്എഫ് നേതാക്കൾക്ക് എതിരെ പരാതി നൽകിയതിന് വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പ്രവർത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. ‘ഹരിത’ക്ക് പിന്തുണയുമായി എംഎസ്എഫിന്റെ 12 ജില്ലാ കമ്മിറ്റികള്‍ രംഗത്ത് വന്നു.
സ്‌ത്രീത്വത്തെ അപമാനിച്ച സംസ്‌ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റികള്‍ ലീഗ് നേതൃത്വത്തിന് കത്ത് നല്‍കി. ലീഗിന്റെ നടപടിക്കെതിരെ പാര്‍ടിക്കുള്ളിലും എംഎസ്എഫിലും പ്രതിഷേധം ശക്‌തമാണ്.
നേരത്തെ ലീഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സീനിയര്‍ വൈസ് പ്രസിഡണ്ട് എപി അബ്‌ദുസമദ് രാജിവെച്ചിരുന്നു. പാര്‍ടിയുടെ സ്‌ത്രീ വിരുദ്ധ-ജനാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ഭാരവാഹിത്വം ഒഴിയുകയാണ് എന്നായിരുന്നു രാജിക്കത്തില്‍ അബ്‌ദുസമദ് പറഞ്ഞത്.
അതേസമയം, വിഷയത്തിൽ എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തഹ്‌ലിയ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്. സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എംഎസ്എഫ് സംസ്‌ഥാന നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ ഹരിതയുടെ പ്രവര്‍ത്തനം ലീഗ് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഹരിത നടത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ് ലീഗിന്റെ വാദം.
വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിർദ്ദേശം ഹരിതാ നേതാക്കള്‍ തള്ളിയതോടെയാണ് സംസ്‌ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
Most Read: ഒൻപത് പേരെ സുപ്രീം കോടതി ജഡ്‌ജിമാരായി നിയമിക്കാൻ ശുപാർശ










































