ന്യൂ ഡെൽഹി: ഗ്രാമീണ വിനോദ സഞ്ചാര മേഖലയിലെ വികസനത്തിനായി കേരളത്തിലും ബിഹാറിലും രണ്ട് പദ്ധതികൾക്കായി 125 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രാലയം. ഗ്രാമീണ ഇന്ത്യയിലെ വിനോദ സഞ്ചാര സാധ്യതതകൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനായാണ് പദ്ധതിയെന്നും ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ രാജ്യസഭയിൽ നൽകിയ കുറിപ്പിൽ പറയുന്നു. ബിജെപി എംപി രാകേഷ് സിൻഹയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ‘സ്വദേശ് ദർശൻ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ സമഗ്ര വികസനമാണ് ലക്ഷ്യമിടുന്നത്.
“കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, പ്രാദേശിക വിഭാഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയും ചെയ്യുന്ന സ്വദേശ് ദർശൻ പദ്ധതി ഗ്രാമീണ മേഖലക്ക് ഗുണം ചെയ്യും”- മന്ത്രി പറഞ്ഞു.
രണ്ട് പദ്ധതികൾക്കാണ് ഈ സ്‌കീം വഴി സർക്കാർ ഫണ്ട് ലഭ്യമാക്കിയത്. ബിഹാറിലെ ഭിതിഹർവ-ചന്ദ്രഹിയ-തുർക്കൗലിയ പദ്ധതി 2017-18 സാമ്പത്തിക വർഷത്തിലാണ് ആരംഭിച്ചത്. 44.65 കോടിയാണ് ചിലവായി കണക്കാക്കുന്നത്.
കേരളത്തിൽ 2018-19 സാമ്പത്തിക വർഷത്തിൽ അനുമതി നൽകിയ മലനാട് മലബാർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് അനുവദിച്ചത് 80.37 കോടി രൂപയാണ്. കണ്ണൂർ ജില്ലയിലെ വളപട്ടണം, കുപ്പം പുഴകളിലായി മൂന്ന് ക്രൂയിസുകളാണ് പദ്ധതിക്ക് കീഴിൽ നിലവിൽ വരിക. വളപട്ടണം മുതൽ മുനമ്പ് കടവ് വരെയുള്ള 40 കിലോമീറ്റർ ദൂരം താണ്ടുന്ന ഒന്നാമത്തെ സർവീസിന് നൽകിയിരിക്കുന്ന പേര് മുത്തപ്പൻ ക്രൂയിസ് എന്നാണ്.
വളപട്ടണം മുതൽ പഴയങ്ങാടി വരെയുള്ള രണ്ടാമത്തെ സർവീസിന് 16 കിലോമീറ്റർ ആണ് ദൈർഘ്യം. മൂന്നാമത്തെ ക്രൂയിസ് പഴയങ്ങാടി മുതൽ കുപ്പം വരെയുള്ള 16 കിലോമീറ്ററാവും സർവീസ് നടത്തുക. ബോട്ട് ടെർമിനൽ,യാത്രക്കാർക്കുള്ള ടെർമിനൽ, ബോട്ട് ജെട്ടികൾ, ഭക്ഷണ ശാലകൾ,ഓപ്പൺ എയർ തീയേറ്റർ, പാർക്കിംഗ്, സൈക്കിൾ ട്രാക്ക്, ബയോ ടോയ്‌ലറ്റ് എന്നിവ പദ്ധതിക്ക് കീഴിൽ നിർമ്മിക്കും.
Also Read: ആശ്വാസം, പ്രതീക്ഷ; രാജ്യത്ത് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി
ഗ്രാമീണ മേഖലയിലെ ടൂറിസം പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ വിനോദസഞ്ചാര അവാർഡും ഏർപ്പെടുത്താൻ കേന്ദ്ര മന്ത്രാലയം തീരുമാനിച്ചു. മികച്ച ഗ്രാമീണ/കാർഷിക/തോട്ടം മേഖലയിലെ സംരംഭങ്ങൾക്കാണ് പുരസ്‌കാരം.