കോട്ടയം: 30 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ മണിക്കുട്ടി എന്ന ആട്ടിൻകുട്ടിക്ക് രക്ഷകയായി 13കാരി. കഴിഞ്ഞ ദിവസം മാഞ്ഞൂരിൽ ആണ് സംഭവം. ചുറ്റുമതിലുള്ള വലയിട്ടിരുന്ന കിണറിന്റെ മതിലിലൂടെ ഓടി കളിക്കുന്നതിനിടയിലാണ് രണ്ടുമാസം പ്രായമുള്ള ആട്ടിൻകുട്ടി കിണറ്റിൽ വീണത്. ഒച്ചകേട്ട് ഓടിയെത്തിയ വീട്ടുകാർ മണിക്കുട്ടി മുങ്ങിത്താഴുന്നതാണ് കണ്ടത്.
ഉടൻതന്നെ അയൽവാസി കിണറ്റിൽ ഇറങ്ങിയെങ്കിലും പകുതിയോടെ ഇറങ്ങാനാകാതെ കയറിപ്പോന്നു. ഈ സമയത്താണ് മാഞ്ഞൂരിലെ അഗതിമന്ദിരം മരിയൻ സൈന്യം നടത്തുന്ന മാഞ്ഞൂർ കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ ഏഴാം ക്‌ളാസ് വിദ്യാർഥിനി അൽഫോൻസ ലിജു ധൈര്യപൂർവം കിണറ്റിൽ ഇറങ്ങാൻ മുന്നോട്ട് വന്നത്. തുടർന്ന് അൽഫോൻസ കയറിൽ പിടിച്ച് കിണറ്റിൽ ഇറങ്ങി കൊട്ടയിൽ ആടിനെയിരുത്തി കരയിൽ എത്തിക്കുകയായിരുന്നു. ഈ സമയം സമീപവാസികളിൽ ചിലരും കിണറ്റിൽ ഇറങ്ങി അൽഫോൻസക്ക് സഹായം നൽകി.
10 അടിയോളം വെള്ളമുള്ള കിണറാണിത്. കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വിഎച്ച്എസ്ഇ സ്‌കൂളിലെ വിദ്യാർഥിനിയാണ് അൽഫോൻസ. മണിക്കുട്ടി അൽഫോൻസയുടെ പ്രിയപ്പെട്ട ആട്ടിൻകുട്ടിയാണ്. മണിക്കുട്ടിയെ കൂടാതെ അൽഫോൻസയുടെ സഹോദരങ്ങളായ ഗോഡ്വിൻ, ആഗ്‌നസ്, ഗോഡ്‌സൺ എന്നിവരുടേതായി മണിക്കുട്ടൻ, ചെമ്പൻ, കുട്ടിമാണി എന്നീ മൂന്ന് ആട്ടിൻകുട്ടികളും കൂടിയുണ്ട് ലിജുവിന്റ വീട്ടിൽ. ആത്‌മധൈര്യം കൊണ്ട് ഒരു ജീവൻ രക്ഷിച്ച ഈ കൊച്ചു മിടുക്കിയെ അഭിനന്ദിക്കുകയാണ് നാട്ടുകാർ.
Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ