ഗർഭാശയമുഖ അർബുദം: രോഗനിർണയം പ്രധാനം; ശ്രദ്ധിക്കാം

By Team Member, Malabar News
Cervical Cancer Early Diagnosis Is Important

സ്‌ത്രീകളിൽ ഉണ്ടാകാനിടയുള്ള ഒരു പ്രധാന അർബുദമാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ സ്‌ത്രീകളിൽ 18.3 ശതമാനം പേർക്കാണ് സെർവിക്കൽ കാൻസർ സ്‌ഥിരീകരിക്കുന്നത്. നേരത്തെയുള്ള രോഗനിർണയം ഈ അർബുദ ചികിൽസയിൽ പ്രധാനമാണ്. അതിനാൽ തന്നെ ജനുവരി മാസം സെർവിക്കൽ കാൻസർ ബോധവൽക്കരണ മാസമായി ആചരിക്കുന്നുണ്ട്.

എന്താണ് ഗർഭാശയമുഖ അർബുദം

ഗര്‍ഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഗര്‍ഭപാത്രത്തിന്റെ ഏറ്റവും അടിവശത്തെ ഭാഗമായ സെര്‍വിക്‌സിലാണ് ഗർഭാശയമുഖ അർബുദം ഉണ്ടാകുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്(എച്ച്പിവി) ഈ അർബുദം ഉണ്ടാക്കുന്നത്.

കാരണം

ചെറുപ്രായത്തിലുള്ള ലൈംഗിക ബന്ധം, പുകവലി, ക്ളമീഡിയ, ഗൊണേറിയ, സിഫിലിസ്, എച്ച്ഐവി എയ്ഡ്സ് തുടങ്ങിയ രോഗങ്ങള്‍, ദുര്‍ബലമായ പ്രതിരോധ ശേഷി, ഒന്നിലധികം പങ്കാളികളുമായുള്ള ലൈംഗിക ബന്ധം, ഗര്‍ഭനിയന്ത്രണ മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം ഗര്‍ഭാശയമുഖ കാന്‍സറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ലക്ഷണങ്ങൾ

ഗർഭാശയമുഖ അർബുദത്തിന്റെ പ്രധാനലക്ഷണങ്ങൾ ലൈംഗിക ബന്ധത്തിന് ശേഷം ഇടുപ്പിലുണ്ടാകുന്ന വേദന, യോനിയില്‍ നിന്ന് അസ്വാഭാവികമായ സ്രവങ്ങളുടെ പുറന്തള്ളൽ എന്നിവയാണ്.

രോഗനിർണയത്തിന് പരിശോധന പ്രധാനം

ഗര്‍ഭാശയ മുഖത്ത് നിന്ന് കോശങ്ങള്‍ എടുത്ത് പരിശോധിക്കുന്ന പാപ് സ്‌മിയര്‍ ടെസ്‌റ്റാണ് രോഗനിർണയത്തിനായി ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇതിനൊപ്പം എച്ച്പിവി പരിശോധനയും നടത്താവുന്നതാണ്. സ്‌ത്രീകൾ 21-65 പ്രായത്തിനിടയിൽ എല്ലാ മൂന്ന് വർഷം കൂടുമ്പോഴും ഗർഭാശയമുഖ അർബുദ പരിശോധന നടത്തണമെന്നാണ് വിദഗ്‌ധർ വ്യക്‌തമാക്കുന്നത്‌.

വാക്‌സിൻ

ഗർഭാശയമുഖ അർബുദത്തെയും, ലൈംഗികാവയവങ്ങളിൽ വരുന്ന മുഴകളെയും നിയന്ത്രിക്കാൻ വാക്‌സിൻ എടുക്കുന്നതിലൂടെ സാധിക്കും. 12-13 വയസിനിടയിൽ പെൺകുട്ടികൾക്ക് എച്ച്പിവി വാക്‌സിൻ നൽകുന്നതിലൂടെ ഗർഭാശയമുഖ അർബുദ കേസുകൾ 90 ശതമാനം കുറക്കാൻ സാധിക്കുമെന്നും പഠനങ്ങൾ വ്യക്‌തമാക്കുന്നുണ്ട്. 9 വയസ് മുതൽ 45 വയസ് വരെയുള്ള സ്‌ത്രീകൾക്ക് എച്ച്പിവി വാക്‌സിൻ എടുക്കാം. പ്രായപൂർത്തി ആകുന്നതിന് മുൻപ് കൗമാര പ്രായത്തിൽ വാക്‌സിൻ എടുക്കുന്നതാണ് ഏറ്റവും ഉത്തമം.

14 വയസിന് മുന്‍പ് വാക്‌സിന്‍ എടുത്താല്‍ 6 മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് എടുത്താല്‍ മതിയാകും. 14 വയസിന് ശേഷം വാക്‌സിൻ എടുക്കുന്നവർ 3 ഡോസ് എടുക്കണം. ആദ്യ ഡോസ് എടുത്ത ശേഷം 1-2 മാസത്തിനുള്ളിൽ രണ്ടാം ഡോസും, 6 മാസത്തിനുള്ളിൽ 3ആം ഡോസും സ്വീകരിക്കാം.

Read also: കറികൾക്ക് രുചിയും, ഏറെ ആരോഗ്യ ഗുണങ്ങളും; ഉപയോഗിക്കാം ഡ്രൈമാംഗോ പൗഡർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE