ഒമൈക്രോൺ; വീട്ടിലും വേണം കരുതൽ, ഹോം കെയര്‍ മാനേജ്‌മെന്റില്‍ അറിഞ്ഞിരിക്കേണ്ടവ

By Desk Reporter, Malabar News
Omicron; What you need to know at home care and home care management
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒമൈക്രോൺ ഉൾപ്പടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗൃഹ പരിചരണത്തില്‍ വളരെയേറെ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപന സമയത്ത് ഏറ്റവും പ്രായോഗികവും പ്രധാനവുമായ ഒന്നാണ് ഗൃഹ പരിചരണം. ക്വാറന്റെയ്നിൽ ഇരിക്കുന്നവർക്കും കോവിഡ് ബാധിച്ചവര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗൃഹ പരിചരണം തന്നെയാണ് ഏറ്റവും നല്ലത്.

ശരിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ആശുപത്രിയില്‍ ചികിൽസ തേടുകയും ചെയ്‌താൽ രോഗം കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയാന്‍ സഹായിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം സംഘടിപ്പിച്ചു വരുന്നു. ഒരു കോവിഡ് രോഗിയെ വീട്ടില്‍ പരിചരിക്കുമ്പോള്‍ ആ രോഗിയും വീട്ടിലുള്ളവരും വളരെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.

സുരക്ഷ ഏറെ പ്രധാനം

ഗൃഹ പരിചരണത്തില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളുമായി സമ്പര്‍ക്കം വരാത്ത രീതിയില്‍ ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു മുറിയിലേക്ക് മാറി താമസിക്കേണ്ടതാണ്. എല്ലാവരും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും സ്വയം നിരീക്ഷണത്തിന് വിധേയരാകുകയും ചെയ്യുക. കോവിഡ് രോഗിയും രോഗിയെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. രോഗിയെ പരിചരിക്കുമ്പോള്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതുമാണ്. മാസ്‌ക് താഴ്ത്തി സംസാരിക്കുകയോ മാസ്‌ക്കിന്റെ മുന്‍ഭാഗത്ത് കൈകള്‍ കൊണ്ട് തൊടുകയോ ചെയ്യരുത്.

സാധനങ്ങള്‍ കൈമാറരുത്

ആഹാര സാധനങ്ങള്‍, ടിവി റിമോട്ട്, ഫോണ്‍ മുതലായ വസ്‌തുക്കൾ രോഗമില്ലാത്തവരുമായി പങ്കുവെക്കാൻ പാടില്ല. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവര്‍ തന്നെ കഴുകണം. നിരീക്ഷണത്തിലുള്ള വ്യക്‌തി ഉപയോഗിച്ച പാത്രം, വസ്‌ത്രങ്ങൾ, മേശ, കസേര, ബാത്ത്‌റൂം മുതലായവ ബ്‌ളീച്ചിംഗ് ലായനി (1 ലിറ്റര്‍ വെള്ളത്തില്‍ 3 ടീസ്‌പൂൺ ബ്‌ളീച്ചിംഗ് പൗഡര്‍) ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

Most Read:  ‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ

വെള്ളവും ആഹാരവും വളരെ പ്രധാനം

വീട്ടില്‍ കഴിയുന്നവര്‍ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. ഫ്രിഡ്‌ജിൽ വച്ച തണുത്ത വെള്ളവും ഭക്ഷണ പദാർഥങ്ങളും ഒഴിവാക്കേണ്ടതാണ്. ചൂടുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണ പദാർഥങ്ങള്‍ കഴിക്കണം. പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുന്നത് നന്നായിരിക്കും. ഉറക്കം വളരെ പ്രധാനമാണ്. 8 മണിക്കൂറെങ്കിലും ഉറങ്ങുക.Omicron; What you need to know at home care and home care managementസ്വയം നിരീക്ഷണം മറക്കരുത്

വീട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ ദിവസവും സ്വയം നിരീക്ഷിക്കേണ്ടതാണ്. പള്‍സ് ഓക്‌സീമീറ്റര്‍ ഉപയോഗിച്ച് ദിവസേന ഓക്‌സിജന്റെ അളവും പള്‍സ് നിരക്കും സ്വയം പരിശോധിക്കുക. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് 96ന് മുകളിലായിരിക്കും. ഓക്‌സിജന്റെ അളവ് 94ല്‍ കുറവായാലും നാഡിമിടിപ്പ് 90ന് മുകളിലായാലും ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

ഇതുകൂടാതെ വാക്ക് ടെസ്‌റ്റ് കൂടി നടത്തേണ്ടതാണ്. 6 മിനിറ്റ് നടന്ന ശേഷം പള്‍സ് നിരക്ക് 90ന് മുകളില്‍ പോകുന്നുണ്ടോ എന്നും ഓക്‌സിജന്റെ അളവ് നേരത്തെ ഉണ്ടായിരുന്നതിനെക്കാള്‍ 3 ശതമാനം കുറയുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. അങ്ങനെ കാണപ്പെടുന്നു എങ്കില്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നാണു അത് സൂചിപ്പിക്കുന്നത്. ഉടന്‍ തന്നെ വൈദ്യ സഹായം ലഭ്യമാക്കാന്‍ ശ്രമിക്കുക.

പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍

പള്‍സ് ഓക്‌സിമീറ്റര്‍ ലഭ്യമല്ലെങ്കില്‍ ഒരു മിനിറ്റ് ദൈഘ്യം ഉള്ള ബ്രെത്ത് ഹോള്‍ഡിങ് ടെസ്‌റ്റ് ചെയ്‌ത്‌ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതാണ്. സാധാരണ രീതിയിലുള്ള ശ്വാസം ഉള്ളിലേക്ക് വലിച്ചു 25 സെക്കന്റ് നേരം പിടിച്ചു വെക്കുമ്പോള്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലെങ്കില്‍ ശ്വാസകോശം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലാക്കാം.

15 മുതല്‍ 25 സെക്കന്റ് വരെയേ പറ്റുന്നുള്ളൂ എങ്കില്‍ അത്തരം ആളുകള്‍ മഞ്ഞ കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അവര്‍ക്ക് അടിയന്തര ചികിൽസ ആവശ്യമില്ലെങ്കിലും ആശുപത്രിയിലെ ചികിൽസ ആവശ്യമുള്ള വിഭാഗം ആണെന്ന് മനസിലാക്കേണ്ടതാണ്. അതേസമയം 15 സെക്കന്റ് പോലും ശ്വാസം പിടിച്ചു വെക്കാൻ സാധിക്കുന്നില്ലെങ്കില്‍ അത്തരം രോഗികള്‍ ചുവപ്പ് കാറ്റഗറിയില്‍ ഉള്‍പ്പെടുകയും അടിയന്തര ചികിൽസ ആവശ്യമുള്ളവരുമാണ്. അവര്‍ക്ക് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക.Omicron; What you need to know at home care and home care managementഅവബോധം വളരെ പ്രധാനം

ഗൃഹ ചികിൽസയിലോ ഗൃഹ പരിചരണത്തിലോ ആയ രോഗികള്‍ക്ക് കോവിഡിന്റെ രോഗ ലക്ഷണങ്ങളേയും സങ്കീര്‍ണതകളേയും കുറിച്ച് അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അപകട സൂചനാ ലക്ഷണങ്ങളായ ശക്‌തിയായ ശ്വാസംമുട്ടല്‍, ബോധക്ഷയം, കഫത്തില്‍ രക്‌തത്തിന്റെ അംശം, കൈകാലുകള്‍ നീല നിറം ആകുക, നെഞ്ചു വേദന, അമിതമായ ക്ഷീണം, നെഞ്ചിടിപ്പ് എന്നിവ കാണുന്ന പക്ഷം ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ച് വൈദ്യസഹായം തേടേണ്ടതാണ്.

ലഘുവായ രോഗലക്ഷണങ്ങള്‍ മാത്രമാണെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ചികിൽസിക്കുകയും അത്യാവശ്യമെങ്കില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്‌ജീവനിയിലൂടെ ചികിൽസ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. www.esanjeevaniopd.in എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്‌താൽ ഇ സഞ്‌ജീവനി സേവനം ലഭ്യമാകുന്നതാണ്. കോവിഡ് ഒപി യുടെ സേവനം 24 മണിക്കൂറും ഇ സഞ്‌ജീവനിയില്‍ ലഭ്യമാണ്.

കോവിഡും ഗൃഹപരിചരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദിശ 1056, 104, 0471 2552056, 2551056 എന്നീ നമ്പറിലേക്ക് വിളിക്കാവുന്നതാണ്.

Most Read:  രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE