ആഫ്രിക്കയിലെ ടാൻസാനിയയിലുള്ള കിളിമഞ്ചാരോ പർവതം കീഴടക്കി മലയാളികളുടെയും ഒപ്പം ഇന്ത്യയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് 13 വയസുകാരിയായ അന്ന മേരി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കുക മാത്രമല്ല, അവിടെ തയ്‌ക്കൊണ്ടോ പ്രകടനം നടത്തുന്ന ആദ്യ വ്യക്‌തിയെന്ന റെക്കോർഡും അന്ന സ്വന്തം പേരിലാക്കി.
ചേർത്തല സ്വദേശിനിയായ അന്ന മേരി, ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയാണ്. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയിൽ ദേശീയപതാക പാറിച്ച് തയ്‌ക്കൊണ്ടോ പ്രകടനവും നടത്തിയാണ് അന്ന പർവതം കീഴടക്കിയതിന്റെ വിജയമാഘോഷിച്ചത്. അച്ഛൻ ഷൈൻ വർഗീസിനൊപ്പമായിരുന്നു അന്നയുടെ യാത്ര.
ഐടി ഉദ്യോഗസ്‌ഥനായ അച്ഛന്റെ ശിക്ഷണത്തിലാണ് അന്നയും സാഹസികതയുടെ വഴിയിലെത്തിയത്. തയ്‌ക്കൊണ്ടോ പരിശീലിപ്പിക്കുന്നതിനൊപ്പം മലകയറ്റം ലഷ്യമിട്ട് ശാരീരികക്ഷമത ഉയർത്താനുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ട്. നാലുമാസം മുൻപ് ഹിമാലയത്തിലെ 4800 അടി ഉയരം കീഴടക്കി തന്റെ സാഹസിക മലകയറ്റത്തിന് തുടക്കമിട്ട അന്ന, കിളിമഞ്ചോരോയും കീഴടക്കുകയായിരുന്നു.
ആറു ദിവസങ്ങൾകൊണ്ട് 5,750 മീറ്റർ ഉയരം താണ്ടിയാണ് അന്ന കിളിമഞ്ചാരോ കീഴടക്കിയത്. ഈ മാസം ആറിനാണ് പർവതത്തിന്റെ മുകളിലെത്തിയത്. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളും അന്നയായിരുന്നു. ഏഴ് വൻകരയിലെയും ഉയരം കൂടിയ പർവതങ്ങൾ കീഴടക്കണമെന്നാണ് അന്നയുടെ ആഗ്രഹം.
യൂറോപ്പിലെ എൽബ്രസും ചിംബാരാസോ (എക്വഡോർ)യുമാണ് അടുത്ത ലക്ഷ്യങ്ങൾ. മൂന്നുവയസുമുതൽ തയ്‌ക്കൊണ്ടോ പരിശീലിക്കുന്ന അന്ന ടേബിൾ ടെന്നീസിലും ദീർഘദൂര ഓട്ടത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട്. സാഹസികതയോടുള്ള അന്നയുടെ ഇഷ്‌ടമാണ് മലകയറ്റത്തിന് പിന്നിൽ. അമ്മ പ്രീതിക്കൊപ്പം നാടിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയും പ്രോൽസാഹനവും അന്നയ്‌ക്കുണ്ട്.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’