ന്യൂഡെൽഹി: 2017ൽ ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ട മെഹുല്‍ ചോക്‌സി വലിയ നിക്ഷേപം നടത്തുന്നവർക്ക് കരീബിയൻ ദ്വീപായ ആന്റിഗ്വയിലും ബാർബുഡയിലും ലഭിക്കുന്ന പൗരത്വം വഴിയാണ് ഇദ്ദേഹം ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്ത്യയിൽ 4,000 സ്‌റ്റോറുകളുള്ള റീട്ടെയിൽ ജ്വല്ലറി കമ്പനിയായ ഗീതാഞ്‌ജലി ഗ്രൂപ്പിന്റെ ഉടമയാണ് മെഹുല്‍ ചോക്‌സി.
തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പാണ് ചോക്‌സി രാജ്യം വിട്ടത്. ചോക്‌സിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നല്‍കിയതായും സ്‌ഥിരീകരണമുണ്ട്. ഇന്ത്യയുടെ അന്വേഷണ ഏജൻസി സിബിഐയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ബെല്‍ജിയം പോലീസ് ചോക്‌സിയെ അറസ്‌റ്റ് ചെയ്‌തതെന്നാണ് പുറത്തുവരുന്ന വിവരം. ബെൽജിയത്തിൽനിന്ന് സ്വിറ്റ്‌സർലൻഡിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്‌റ്റ്. ചോക്‌സിയുടെ ഭാര്യ പ്രീതിക്ക് ബെൽജിയൻ പൗരത്വമുണ്ട്.
ഏഴു വർഷത്തിലേറെയായി ഇന്ത്യൻ ഏജൻസികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ചോക്‌സിയെ ബെൽജിയത്തിൽ അറസ്‌റ്റ് ചെയ്യാൻ സാധിച്ചത്. വ്യാജരേഖ നൽകിയാണ് ഇദ്ദേഹം ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്ന് 13,500 കോടി രൂപ വായ്‌പയെടുത്തത്.
ഗീതാഞ്‌ജലി ജെംസിന്റെ സ്‌ഥാപകനായ മെഹുൽ ചോക്‌സിക്ക് 2023 നവംബർ 15നാണ് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നു. ബെൽജിയത്തിലേക്കു താമസം മാറുന്നതിനു മുൻപ് ആന്റിഗ്വ ആൻഡ് ബാർബുഡയിലും ഇയാൾ താമസിച്ചിരുന്നു. മെഹുൽ ചോക്‌സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു. 2021ൽ രാജ്യത്ത് അനധികൃതമായി കടന്നുകയറിയെന്നു കാട്ടി ഡൊമിനിക്കൻ റിപ്പബ്‌ളിക് ചോക്‌സിയെ അറസ്‌റ്റ് ചെയ്‌തിരുന്നു.
51 ദിവസത്തിനുശേഷം ചോക്‌സിക്ക് ആന്റിഗ്വയിലേക്കു മടങ്ങാൻ അനുമതി ലഭിച്ചു. പിന്നീട് ചോക്‌സിക്കെതിരെ ഡൊമിനിക്കൻ റിപ്പബ്‌ളിക്കിലുള്ള കേസുകൾ പിൻവലിച്ചു. കേസിൽ സഹോദരീപുത്രൻ നീരവ് മോദിയും പ്രതിയാണ്. 2019ൽ നീരവ് മോദിയെ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടൻ ജയിലിൽ കഴിയുന്ന നീരവിനെ വിട്ടുകിട്ടാൻ ഇന്ത്യ ബ്രിട്ടനിലെ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
NATIONAL | ‘ഇര ക്ഷണിച്ചുവരുത്തിയത്’; ബലാൽസംഗകേസിൽ പ്രതിക്ക് ജാമ്യം