ന്യൂഡെൽഹി: അടുത്ത സാമ്പത്തിക വർഷം രാജ്യത്ത് 150 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ സിനിമ മൾട്ടിപ്ളക്സ് കമ്പനിയായ പിവിആർ ഗ്രൂപ്പ്. അടുത്ത വർഷം മാത്രം 40 പുതിയ സ്ക്രീനുകളാണ് കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് 1000 സ്ക്രീനുകൾ എന്ന ലക്ഷ്യത്തിനായി രണ്ട് വർഷം കൂടി വേണ്ടി വരുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. നിലവിൽ 177 സമുച്ചയങ്ങളിലായി 844 സ്ക്രീനുകളാണ് കമ്പനിക്കുള്ളത്. ഇന്ത്യയിലെ 71 നഗരങ്ങളിൽ പിവിആർ മൾട്ടിപ്ളക്സുകൾ പ്രവർത്തിക്കുന്നുണ്ട്.
പുതുതായി മൈസുരു, കാൺപൂർ എന്നിവിടങ്ങളിൽ 9 സ്ക്രീനുകൾ കൂടി ഈ ആഴ്ച തുറന്നു കൊടുത്തിരുന്നു. ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തിൽ 40 സ്ക്രീനുകൾക്കായി ഏകദേശം 150 കോടി രൂപയോളമാണ് നിക്ഷേപം നടത്താൻ കമ്പനി തീരുമാനിച്ചത്.
കോവിഡ് വ്യാപനത്തെ തുടർന്ന് സിനിമാ മേഖല തളർന്നതോടെ കമ്പനിയുടെ വളർച്ചയിൽ കാര്യമായ കുറവ് ഉണ്ടായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതോടെ വീണ്ടും വളർച്ചയുടെ പാതയിലാണ്. 2023ഓടെ രാജ്യത്ത് 1000 സ്ക്രീനുകൾ എന്ന നേട്ടത്തിലേക്ക് കമ്പനി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also: കേസ് കൊടുക്കാൻ വെല്ലുവിളിച്ച് ചാക്കോച്ചൻ; ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്’ ടീം എത്തുന്നു









































