കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോൽസവത്തിനിടെ മർദ്ദനമേറ്റ 18-കാരൻ മരിച്ചു. കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പള്ളിൽ ക്ഷേത്രത്തിന് സമീപം സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം. കഴിഞ്ഞ ഞായറാഴ്ചയാണ് ഉൽസവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിന് തലയ്ക്കടിയേറ്റത്. അടൂർ മണക്കാല ഗവ. പോളിടെക്നിക് കോളേജ് വിദ്യാർഥിയാണ്. ഹരികൃഷ്ണനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോളീ അറസ്റ്റ് ചെയ്തു.
മരുത്തടി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മറ്റു പ്രതികൾ ഒളിവിലാണ്. ഇവരിൽ ചിലർക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നാണ് സൂചന. കഴിഞ്ഞ തിങ്കൾ പുലർച്ചെ മരുത്തടി ക്ഷേത്രത്തിൽ ഉൽസവത്തിന്റെ ഭാഗമായി നടത്തിയ ഘോഷയാത്രക്കിടെ ആയിരുന്നു സംഭവം.
മാതൃസഹോദരിയുടെ മകളും കേരളപുരം സ്വദേശിയുമായ അമ്മുവിന്റെ വിളക്കെടുപ്പ് നേർച്ചയിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഹരികൃഷ്ണനും സഹോദരൻ ജയകൃഷ്ണനും ബന്ധുക്കളും അമ്മയുടെ നാടായ മരുത്തടിയിലെത്തിയത്. ഓട്ടോയിൽ ക്ഷേത്രത്തിലെത്തിയ ഇവർ അമ്മുവിന്റെ കുഞ്ഞിനുള്ള ആഹാരം വാഹനത്തിൽ മറന്നു വെച്ചതിനാൽ ഇതെടുക്കാനായി തിരിച്ച് ഓട്ടോയുടെ അടുത്തേക്ക് പോയി. തിരികെ ക്ഷേത്രത്തിൽ എത്തിയപ്പോഴക്കും ഘോഷയാത്ര ആരംഭിച്ചിരുന്നു.
തിരക്കിൽപ്പെട്ടതോടെ സഹോദരൻമാർ രണ്ടുഭാഗത്തായിപ്പോയി. തിരക്കിനിടെ ഹരികൃഷ്ണനെ കമ്മിറ്റി അംഗങ്ങളിൽ ചിലർ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. ബഹളം കേട്ടെത്തിയ ജയകൃഷ്ണൻ പ്രശ്നം ഒതുക്കിത്തീർത്ത് ബന്ധുക്കളുടെ അടുത്തേക്ക് പോയി. പിന്നാലെ വന്ന അക്രമി സംഘത്തിലെ ചിലർ സഹോദരൻമാരുടെ തോളിൽ കൈയിട്ട് ആഹാരം കഴിച്ച് വരാമെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ സദ്യാലയത്തിന് സമീപത്തേക്ക് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
ജയകൃഷ്ണനെ സദ്യാലയത്തിന് ഉള്ളിലേക്ക് കൊണ്ടുപോയ ശേഷം ഹരികൃഷ്ണനെ പുറത്തുവെച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ചോദ്യം ചെയ്തതോടെ ജയകൃഷ്ണനെയും മർദ്ദിച്ചു. സംഭവം അറിഞ്ഞു ബന്ധുക്കൾ എത്തിയെങ്കിലും അപ്പോഴേക്കും ഹരികൃഷ്ണൻ അടികൊണ്ട് നിലത്ത് വീണിരുന്നു.
അക്രമികളിൽ ഒരാൾ ‘അവൻമാരെ അടിച്ച് കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് തടിക്കഷണം കൊണ്ട് തലയ്ക്കടിച്ചതോടെ ഹരികൃഷ്ണന്റെ ബോധം പോയി. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു.
Most Read| ആലപ്പുഴയുടെ സ്വപ്ന പദ്ധതി; പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി






































