തൃശൂർ: ചെറുതുരുത്തിയിൽ കാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 19 ലക്ഷത്തിൽപ്പരം രൂപ പിടികൂടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന വള്ളത്തോൾ നഗറിൽ നിന്നാണ് 19.70 ലക്ഷം പിടികൂടിയത്.
തിരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണോയെന്ന് പരിശോധിക്കുകയാണ്. ആദ്യം 25 ലക്ഷം രൂപ പിടിച്ചെടുത്തെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാലക്കാട് കുളപ്പുള്ളി സ്വദേശികളിൽ നിന്ന് റവന്യൂ ഉദ്യോഗസ്‌ഥരാണ് പണം പിടിച്ചെടുത്തത്. കാറിന് പിന്നിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം പിടിച്ചെടുത്തത്. രേഖകൾ ഇല്ലാത്തതിനാൽ പണം ആദായനികുതി വകുപ്പിന് കൈമാറും.
പണത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കും. വീടുപണിക്ക് വേണ്ട ടൈൽസ് വാങ്ങാനായി എറണാകുളത്തേക്ക് പോവുകയാണെന്നാണ് കാർ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശിയായ ജയന്റെ വിശദീകരണം.
ബാങ്കിൽ നിന്ന് 25 ലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖയും ജയൻ കാണിച്ചു. എന്നാൽ, 5.3 ലക്ഷം രൂപ ബാഗിൽ കുറവാണല്ലോയെന്നും പണം എന്ത് ചെയ്‌തുവെന്നും ഉദ്യോഗസ്‌ഥർ ചോദിച്ചു. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാലാണ് പണത്തോടൊപ്പം ജയനെയും കസ്‌റ്റഡിയിൽ എടുത്തത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!








































