ആലപ്പുഴ: സ്‌ത്രീധന പീഡനത്തെ തുടർന്ന് കൊല്ലത്ത് വിസ്‌മയ എന്ന 24കാരി ഭർതൃവീട്ടിൽ ആത്‌മഹത്യ ചെയ്‌തതെന്ന വാർത്തക്ക് പിന്നാലെ നാടിനെ നടുക്കി വീണ്ടും ഒരു ആത്‌മഹത്യ കൂടി. ആലപ്പുഴ വള്ളിക്കുന്നത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്‌മിഭവനത്തിൽ വിഷ്‌ണുവിന്റെ ഭാര്യ സുചിത്ര (19) ആണ് മരിച്ചത്. മാർച്ച് 21നായിരുന്നു സുചിത്രയും വിഷ്‌ണുവും തമ്മിലുള്ള വിവാഹം. മിലിറ്ററി ഉദ്യോഗസ്‌ഥനായ വിഷ്‌ണു അടുത്തിടെയാണ് ജോലി സ്‌ഥലമായ ഉത്തരാഖണ്ഡിലേക്ക് തിരികെ പോയത്.
ചൊവ്വാഴ്‌ച രാവിലെ 11.30ഓടെയാണ് സുചിത്രയെ മരിച്ചനിലയിൽ ബെഡ്റൂമിൽ കണ്ടെത്തിയത്. സുചിത്രയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട ഭർത്തൃമാതാവ് നാട്ടുകാരെ വിളിച്ച് വരുത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസമയത്ത് വിഷ്‌ണുവിന്റെ മാതാപിതാക്കൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എന്താണ് സുചിത്രയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് വിശദമായി അന്വേഷിച്ച ശേഷം മാത്രമേ പറയാനാകൂയെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ 2 ദിവസത്തിനിടെ സമാനമായ രീതിയിൽ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ കേസാണിത്. കൊല്ലത്ത് വിസ്‌മയയുടെ ആത്‌മഹത്യക്ക് പിന്നാലെ തിരുവനന്തപുരത്ത് അർച്ചന എന്ന യുവതിയും മരിച്ചിരുന്നു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24)യെ തീകൊളുത്തി മരിച്ച നിലയില്‍ വാടകവീട്ടിലാണ് കണ്ടെത്തിയത്. വിസ്‌മയയുടെ ഭർത്താവ് കിരൺകുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അർച്ചനയുടെ ഭർത്താവ് സുരേഷും പോലീസ് കസ്‌റ്റഡിയിലാണ്.
Read also: കോവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ് നാട്ടുകാർ; വീട്ടിലേക്കുള്ള വഴി കെട്ടിയടച്ചു