കണ്ണൂർ: കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് അറസ്റ്റിലായത്. 32.5 ഗ്രാം മെത്താംഫിറ്റമിനാണ് പിടികൂടിയത്. ഇയാൾ കാറിൽ കൂട്ടുപുഴ ചെക്ക്പോസ്റ്റ് വഴി മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. അതേസമയം, കൂട്ടുപുഴ ചെക്ക്പോസ്റ്റ് വഴിയുള്ള ലഹരിക്കടത്ത് പതിവാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരു മാസത്തിനിടെ 20ഓളം തവണ ലഹരിക്കടത്ത് പിടികൂടി. വാഹന പരിശോധനക്കിടെ മുമ്പിലെ ഉദ്യോഗസ്ഥനെ തള്ളിമാറ്റി കാറിന്റെ പിൻഭാഗത്ത് പരിശോധിക്കുകയായിരുന്ന ഉദ്യോഗസ്ഥനെ വലിച്ചു കാറിൽ കയറ്റി കൊണ്ടുപോയ സംഭവം ഉൾപ്പടെ ഉണ്ടായി.
മൂന്ന് കിലോമീറ്ററോളം ദൂരം ഉദ്യോഗസ്ഥനുമായി കാർ മുന്നോട്ട് നീങ്ങി. തുടർന്ന് വഴിയിൽ ഇറക്കിവിടുകയായിരുന്നു. അതിനിടെ, കർണാടക- കേരള അതിർത്തി ചെക്ക്പോസ്റ്റായ ബാവലിയിൽ 53.39 ഗ്രാം എംഡിഎംഎയുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കൾ അറസ്റ്റിലായി. മൻസിൽ നിയാസ്, മുഹമ്മദ് അമ്രോസ് എന്നിവരാണ് പിടിയിലായത്. പ്രതികളെ മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ








































