ജനീവ: യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശം 14 ദിവസത്തിലേക്ക് കടക്കുമ്പോൾ അഭയാർഥി പ്രവാഹം രൂക്ഷമാകുന്നു. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതിയാണ് റഷ്യ യുക്രൈനിൽ യുദ്ധം ആരംഭിച്ചത്. അതിന് പിന്നാലെ 12 ദിവസം കൊണ്ട് തന്നെ 20 ലക്ഷത്തിലധികം അഭയാർഥികളെ യുദ്ധം സൃഷ്‌ടിച്ചതായി കണക്കുകൾ വ്യക്‌തമാക്കുന്നു. ഐക്യരാഷ്‌ട്ര സഭയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
യുക്രൈനിലെ 20 ലക്ഷത്തോളം സാധാരണക്കാര്‍ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിമാത്രം മറ്റെല്ലാം വിട്ടെറിഞ്ഞ് അഭയാര്‍ഥികളായെന്ന് യുഎന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച മാത്രം 2,76,244 ആളുകൾ യുക്രൈനിൽ നിന്നും പലായനം ചെയ്‌തതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് നേരിടുന്ന ഏറ്റവും വലിയ അഭയാർഥി പ്രതിസന്ധിയാണ് ഇപ്പോൾ യുക്രൈൻ നേരിടുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍ പലായനം ചെയ്‌തവരില്‍ 1,03,000 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. അതേസമയം റഷ്യൻ സൈന്യം ആക്രമണം കൂടുതൽ ശക്‌തമാക്കുകയും, കീവിലേക്ക് അടുക്കുകയും ചെയ്‌താൽ അഭയാർഥി പ്രവാഹം ഇനിയും വർധിക്കും. പലായനം ചെയ്യുന്ന ആളുകളെ കൂടാതെ സ്വന്തം വീടുകളിൽ പുറംലോകം കാണാതെ കഴിയുന്ന വലിയൊരു ജനവിഭാഗവും നിലവിൽ യുക്രൈനിലെ യുദ്ധ ദുരിതം അനുഭവിക്കുന്നവരാണ്.
Read also: കോൺഗ്രസിലെ ഭിന്നത; വയനാട്ടിൽ രാഹുൽഗാന്ധിയുടെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചു







































