ന്യൂഡെൽഹി: ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവെ 21കാരിയെ ജീവനക്കാരൻ പീഡിപ്പിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) വെന്റിലേറ്ററിൽ അർധ ബോധാവസ്ഥയിൽ ഇരിക്കെയാണ് ക്ഷയരോഗിയായ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച (ഒക്ടോബർ 27) യുവതി ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് സംഭവ വിവരം പിതാവിനെ എഴുതി അറിയിക്കുക ആയിരുന്നു. ഇതിനു പിന്നാലെ കുടുംബം പോലീസിനെ സമീപിക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഒക്ടോബർ 21നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒക്ടോബർ 27ന് യുവതിക്ക് ബോധം വന്നു. ഈ ദിവസങ്ങൾക്ക് ഇടയിലാണ് പീഡനം നടന്നതെന്ന് സംശയിക്കുന്നതായി കുടുംബം പരാതിയിൽ പറയുന്നു. പീഡനത്തിനിരയായ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്.
Also Read: ആക്രമിക്കപ്പെടുന്നത് അന്യന്റെ മകളല്ല, സ്വന്തം മക്കൾ തന്നെയാണ്; കർണാടക ഹൈക്കോടതി
മഹേന്ദ്രഗഡ് സ്വദേശിയാണ് യുവതി. ക്ഷയരോഗിയായ യുവതിക്ക് ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അസിസ്റ്റന്റ് കമ്മീഷണർ ഉഷ കുണ്ടു പറഞ്ഞു. വികാസ് എന്നയാളാണ് പീഡിപ്പിച്ചത് എന്നാണ് യുവതി പറയുന്നത്. ഇയാൾ മെഡിക്കൽ സ്റ്റാഫ് അല്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും ഐസിയുവിൽ ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എല്ലാ തെളിവുകളും ശേഖരിക്കേണ്ടതുണ്ട് എന്നും അവർ കൂട്ടിച്ചേർത്തു.







































