കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച പരാതിയിൽ അന്വേഷണം നടത്തി നടപടി എടുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.
ആഭ്യന്തര അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും രൂപീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട്, ആർഎംഒ, നഴ്‌സിംഗ് ഓഫീസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി സമിതിക്ക് നിർദ്ദേശം നൽകി. ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. മെഡിക്കൽ കോളേജിലെ അറ്റൻഡർക്ക് എതിരെയാണ് യുവതിയുടെ പരാതി. ഇയാൾ ഇപ്പോൾ ഒളിവിലാണ്.
തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കകം സർജിക്കൽ ഐസിയുവിൽ വിശ്രമിക്കുമ്പോഴായിരുന്നു യുവതിക്ക് നേരെ പീഡനം ഉണ്ടായത്. ഐസിയുവിൽ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു കഴിഞ്ഞു തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്‌ഥിതി ഗുരുതരമായിരുന്നതിനെ തുടർന്ന് ജീവനക്കാരെല്ലാം അവിടെ ആയിരുന്നു.
ഈ സമയത്ത് ശസ്‌ത്രക്രിയക്ക് ശേഷമുള്ള മയക്കത്തിൽ നിന്ന് പാതി ഉണർന്നിരിക്കവെയാണ് ആക്രമണം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. തുടർന്ന് യുവതി പീഡനവിവരം ഭർത്താവിനോട് തുറന്ന് പറയുകയായിരുന്നു. പിന്നാലെ യുവതി നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുക്കുകയായിരുന്നു.
അതിനിടെ, തിരുവനന്തപുരത്ത് നടുറോഡിൽ വെച്ച് യുവതിക്കെതിരെ വീണ്ടും ലൈംഗികാതിക്രമം ഉണ്ടായി. വഞ്ചിയൂർ മൂലവിളാകം ജങ്ഷനിൽ വെച്ചാണ് 49കാരിയെ അജ്‌ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പോലീസിൽ വിവരം അറിയിച്ചിട്ടും പോലീസ് ഇടപെട്ടിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു.
കഴിഞ്ഞ 13ന് രാത്രി 11 മണിക്കാണ് സംഭവം. മകൾക്കൊപ്പം താമസിക്കുന്ന പരാതിക്കാരി മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയി മടങ്ങവേ, മൂലവിളാകം ജങ്ഷനിൽ നിന്നും ഒരു അജ്‌ഞാതൻ യുവതിയെ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വണ്ടി തടഞ്ഞു നിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തി മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു നടന്ന സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. ഇതോടെ, പരാതിക്കാരി മക്കൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലെത്തി ചികിൽസ തേടി. മൂന്ന് ദിവസത്തിന് ശേഷം യുവതി കമ്മീഷണർക്ക് പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Most Read: ഭരണ-പ്രതിപക്ഷ പോരിൽ സമവായ നീക്കമില്ല; സഭ ഇന്നും സ്‌തംഭിച്ചേക്കും