തൃശൂർ പൂരം, വ്യാപക പരാതികൾ; കമ്മീഷണർ അങ്കിത് അശോകിനെ സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി

അസിസ്‌റ്റന്റ്‌ കമ്മീഷണർ സുദർശനെയും സ്‌ഥലം മാറ്റും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ വ്യാപകമായി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

By Trainee Reporter, Malabar News
ankit ashok
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്
Ajwa Travels

തൃശൂർ: തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക്, അസിസ്‌റ്റന്റ്‌ കമ്മീഷണർ സുദർശൻ എന്നിവരെ അടിയന്തിരമായി സ്‌ഥലം മാറ്റാൻ ഉത്തരവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട പോലീസ് നടപടികളിൽ വ്യാപകമായി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് നിർദ്ദേശം.

സംഭവത്തിൽ അന്വേഷണം നടത്തി ഒരാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാനും പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാകും സ്‌ഥലംമാറ്റം നടപ്പാക്കുക. പുതിയ മൂന്ന് ഉദ്യോഗസ്‌ഥരുടെ പേരടങ്ങിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്കായി സമർപ്പിച്ചു.

വലിയ വിവാദമായ സംഭവങ്ങളിൽ ഇതുവരെയും ഡിജിപി റിപ്പോർട് ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടർന്ന് ആഭ്യന്തര വകുപ്പ് നേരിട്ട് റിപ്പോർട് തേടിയിരുന്നു. കമ്മീഷൻ പൂരക്കാരെ തടയുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളാണ് തൃശൂർ പൂരം പ്രതിസന്ധിയിൽ ആക്കിയതെന്ന വിമർശനം ശക്‌തമാകുന്നതിനിടെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. എടുത്തുകൊണ്ടു പോടാ പട്ട എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്‌തമാണ്. തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുട കൊണ്ടുവരുന്നവരെയും പോലീസ് തടഞ്ഞിരുന്നു.

തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗിരി ബാരിക്കേഡ്‌ വെച്ച് കൊട്ടിയടച്ചും പോലീസ് പരിധിവിട്ടതാണ് പൂരം വിവാദത്തിലായത്. ഇതോടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ച് പൂരം നിർത്തിവെക്കാൻ തിരുവമ്പാടി ദേവസ്വം നിർബന്ധിതരായി. രാത്രിപ്പൂരം കാണാനെത്തിയവരെ സ്വരാജ് റൗണ്ടിൽ കടക്കാൻ അനുവദിക്കാതെ വഴികളെല്ലാം കെട്ടിയടച്ചിരുന്നു.

മഠത്തിൽ വരവിനിടെ ഉൽസവ പ്രേമികൾക്ക് നേരെ കയർക്കാനും പിടിച്ച് തള്ളാനും മുന്നിൽ നിന്നത് സിറ്റി പോലീസ് കമ്മീഷണർ നേരിട്ടാണെന്ന് ആക്ഷേപമുണ്ടായിരുന്നു. പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ട്, മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ നാലുമണിക്കൂർ വൈകി പകൽവെളിച്ചത്തിൽ നടത്തേണ്ടിവന്നു. ഉറക്കമിളച്ച് കാത്തിരുന്നിട്ടും വെടിക്കെട്ടിന്റെ വർണഭംഗി ആസ്വദിക്കാൻ പൂരം പ്രേമികൾക്കായില്ല.

Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE