തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ പോരിൽ സമവായ ചർച്ച നടക്കാത്ത സാഹചര്യത്തിൽ സഭ ഇന്നും സ്‌തംഭിച്ചേക്കും. അടിയന്തിര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സ്‍പീക്കറുടെ ഓഫിസ് ഉപരോധത്തിന്റെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ കേസെടുത്ത വിഷയം ഉൾപ്പടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌കരിച്ചേക്കും.
അതിനിടെ, അനുരഞ്‌ജനത്തിന്റെ ഭാഗമായി സഭ സമ്മേളിക്കുന്നതിന് മുമ്പായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് സൂചന ഉണ്ടെങ്കിലും ഇക്കാര്യത്തിൽ സ്‌ഥിരീകരണമില്ല. ഇരുവരും സമവായ ചർച്ച നടത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ ഓഫീസിന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് വിവരം. രാവിലെ അറിയിപ്പ് ലഭിച്ചാൽ ഇരുവരും തമ്മിൽ കൂടിക്കാഴ്‌ച നടത്തിയേക്കും.
അതിനിടെ, രാവിലെ എട്ടിന് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം നിയമസഭയിൽ ചേരുന്നുണ്ട്. സഭയിൽ സ്വീകരിക്കേണ്ട തുടർ നിലപാടുകൾ സംബന്ധിച്ച് ഈ യോഗത്തിൽ തീരുമാനമെടുക്കും. നിയമസഭയിലെ ഭരണ-പ്രതിപക്ഷ സംഘർഷം ലഘൂകരിക്കാൻ പാർലമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്‌ണൻ വിഡി സതീശനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടിരുന്നു. ധനകാര്യ ബില്ലും ഏതാനും നിയമനിർമാണങ്ങളും പാസാക്കാൻ പ്രതിപക്ഷം സഹകരിക്കണമെന്ന് മന്ത്രി പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടതായാണ് വിവരം.
എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്‌ച ഇല്ലാത്ത മറുപടിയാണ് മന്ത്രിക്ക് ലഭിച്ചത്. അടിയന്തിര പ്രമേയ നോട്ടീസുകൾ തുടർച്ചയായി നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കണമെന്ന് വിഡി സതീശൻ മന്ത്രി രാധാകൃഷ്‌ണനോട് ആവശ്യപ്പെട്ടു. കൂടാതെ, സ്‍പീക്കറുടെ ഓഫിസ് ഉപരോധത്തിന്റെ പേരിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതോടെ, ധനകാര്യ ബില്ലും ഏതാനും നിയമ നിർമാണങ്ങളും സർക്കാരിന് പാസാക്കേണ്ടത് ഈ ഘട്ടത്തിൽ വെല്ലുവിളിയാകും.
സംഘർഷത്തെ കുറിച്ചുള്ള എംഎൽഎമാരുടെ പരാതികളും സ്‌പീക്കറുടെ മുന്നിലുണ്ട്. പരാതികൾ പരിഹരിക്കാതെ സഭ സമ്മേളിക്കുക അത്ര എളുപ്പമാകില്ല എന്ന തിരിച്ചറിവും സർക്കാരിനുണ്ട്. കെകെ രമയ്‌ക്ക് എതിരായ സൈബർ ആക്രമണ വിഷയങ്ങൾ പ്രതിപക്ഷം ഇന്ന് അടിയന്തിര പ്രമേയമായി അവതരിപ്പിച്ചേക്കും. അനുനയ നീക്കങ്ങൾ ഫലം കണ്ടില്ലെങ്കിൽ ഈ ആഴ്‌ചയും നിയമസഭ പ്രക്ഷുബ്‌ധമാകും. അതേസമയം, നിയമസഭാ സംഘർഷത്തിൽ സ്‌പീക്കറുടെ റൂളിങ്ങും ഇന്ന് ഉണ്ടായേക്കും.
Most Read: ‘ഡെൽഹി പോലീസിന്റെ നോട്ടീസിന് 10 ദിവസത്തിനുള്ളിൽ മറുപടി’; രാഹുൽ ഗാന്ധി