ന്യൂഡെൽഹി: ഡെൽഹി പോലീസ് നൽകിയ നോട്ടീസിന് മറുപടി നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ സ്‌ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള പ്രസ്‌താവനക്ക് എതിരേയാണ് ഡെൽഹി പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്. നിലവിൽ നാല് പേജുള്ള പ്രാഥമിക മറുപടിയാണ് രാഹുൽ അയച്ചത്. പരാമർശങ്ങളെ കുറിച്ച് ഡെൽഹി പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് വിശദമായ മറുപടി 10 ദിവസത്തിനുള്ളിൽ നൽകുമെന്ന് രാഹുൽ അറിയിച്ചതായാണ് വിവരം.
ജനുവരി 30ന് ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ ശ്രീനഗറിൽ പ്രസംഗിക്കവേയാണ് രാഹുൽ ഗാന്ധി, സ്‌ത്രീകൾ ഇപ്പോഴും ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാവുന്നതായി താൻ കേട്ടെന്ന് പറഞ്ഞത്. യാത്രക്കിടെ താൻ നിരവധി സ്‌ത്രീകളെ കണ്ടെന്നും അവർ ലൈംഗികാതിക്രമങ്ങൾക്ക് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഈ പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പോലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയത്.
പരാമർശത്തിന് ശേഷം രാഹുൽഗാന്ധിക്ക് പിന്നാലെ കൂടിയിരിക്കുകയാണ് ഡെൽഹി പോലീസ്. ഇന്ന് രാവിലെ പത്തരയോടെ തുഗ്ളക്ക് റോഡിലെ രാഹുലിന്റെ വസതി പോലീസ് വളഞ്ഞു. പ്രസംഗത്തിൽ പരാമർശിച്ച സ്‌ത്രീകളുടെ വിശദാംശങ്ങൾ, സംഭവം നടന്നത് എപ്പോൾ, അവരെ പീഡിപ്പിച്ചവർക്ക് എതിരെ കേസെടുത്തോ തുടങ്ങിയ കാര്യങ്ങൾ ആരാഞ്ഞുകൊണ്ട് രാഹുലിന് ഒരു ചോദ്യാവലി തന്നെ ഡെൽഹി പോലീസ് നൽകിയിരുന്നു.
കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ വീട്ടിലെത്തി രാഹുലിന്റെ മൊഴി എടുക്കാനും പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ, രാഹുൽ ഗാന്ധി സഹകരിക്കുന്നില്ലെന്ന് വ്യക്‌തമാക്കിയാണ് കേന്ദ്ര സേനയെ ഒപ്പം കൂട്ടി ഇന്ന് ഡെൽഹി പോലീസ് എത്തിയത്. പോലീസ് വസതി വളഞ്ഞതോടെ രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും, ഡെൽഹിയിലുള്ള കോൺഗ്രസ് എംപിമാരും രാഹുലിന്റെ വസതിയിൽ എത്തിയിരുന്നു.
Most Read: ‘വിമർശനങ്ങൾ പറയേണ്ടത് യോഗത്തിൽ’; ഷിബു ബേബി ജോണിനോട് വിഡി സതീശൻ