ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ സംഭവ വികാസങ്ങളും പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന് ശേഷം അനിൽ തോമസ് തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന സിനിമയിൽ കലാഭവൻ ഷാജോൺ ആണ് മുഖ്യ വേഷത്തിൽ എത്തുന്നത്. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഷാജോൺ കരുത്തുറ്റ കഥാപാത്രമായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
ബ്രഹ്‌മപുറം മാലിന്യ സംസ്‌കരണ പ്ളാന്റിലെ തീപിടിത്തവും, പ്ളാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബം നേരിടുന്ന പ്രശ്‌നങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്. 2019ലെയും 2010ലെയും തൊട്ടടുത്ത് നടന്നതുമായ ബ്രഹ്‌മപുരം തീപിടിത്തം ആസ്‌പദമാക്കിയാണ് സിനിമ. മണ്ണും പ്രകൃതിയും പശ്‌ചാത്തലമാക്കി തികഞ്ഞ ഒരു കുടുംബ കഥ അവതരിപ്പിക്കുകയാണ് അനിൽ തോമസ് സിനിമയിലൂടെ.
ബ്രഹ്‌മപുരം പ്ളാന്റിലെ തുടക്കം മുതൽ ഇതുവരെ നടന്ന സംഭവ വികാസങ്ങളെ കുറിച്ചും ചിത്രം ചർച്ച ചെയ്യുന്നുണ്ട്. ബ്രഹ്‌മപുരത്ത് ഉണ്ടായ തീയും പുകയും ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളിൽ ഉണ്ടാക്കിയ വ്യാപ്‌തി എത്രത്തോളമാണെന്നും സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും കാന്തല്ലൂരിലും മറയൂരിലുമായി പുരോഗമിക്കുകയാണ്.
മെട്രോ നഗരമായ കൊച്ചിയിൽ നിന്നും ഒരു മലയോര മേഖലയിൽ എത്തിയ വിക്രമൻ നായർ എന്ന കഥാപാത്രത്തെയാണ് കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്നത്. വിജയകുമാർ, പ്രേം പ്രകാശ്, മനുരാജ് എന്നിവരും നിരവധി അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പീറ്റർ ടൈറ്റസ്, ദേവി സ്വാതി, ലതാ ദാസ്, ഷൈനി, ഡോ. അമർ, മുൻഷി രഞ്‌ജിത്ത്, സൂര്യ പണിക്കർ വൈക്കം, മധു പീരുമേട്, അൻസാരി ഈരാറ്റുപേട്ട, ഷെറിൻ സ്‌റ്റാലിൻ, ഷിനി ചിറ്റൂർ, വിനോദ് കുമാർ, കിട്ടു ആഷിഖ്, ഷെറിൻ ഖാൻ എന്നിവരും സിനിമയുടെ ഭാഗമാണ്.

ടൈറ്റസ് പീറ്റർ ആണ് സിനിമയുടെ നിർമാണം. ഛായാഗ്രഹണം: സുനിൽ പ്രേം എൽഎസ്, എഡിറ്റിങ്: കെ ശ്രീനിവാസ്, കലാ സംവിധാനം: അർക്കൻ എസ് കർമ, മേക്കപ്പ്: ലാൽ കരമന, കോസ്‌റ്റ്യൂം: ഇന്ദ്രൻസ് ജയൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: ജിനി സുധാകരൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതാപൻ കല്ലിയൂർ, പിആർഒ: വാഴൂർ ജോസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
അതേസമയം, ബ്രഹ്‌മപുരത്തെ പുക അടങ്ങും മുമ്പ് ഈ സംഭവത്തെ കുറിച്ചൊരു സിനിമ വരുന്നത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, 2016 മുതൽ തന്റെ മനസിൽ ബ്രഹ്‌മപുരം സിനിമയാക്കുന്നതിനെ കുറിച്ച് ആലോചന തുടങ്ങിയിരുന്നു എന്നാണ് സംവിധായകൻ അനിൽ തോമസ് വ്യക്‌തമാക്കുന്നത്. ‘2019ലും 2020ലും ഒക്കെ തീ പടർന്നിട്ടുണ്ട് എന്നും, തീയിടുന്നതാണ് എന്ന് അവിടെ ചെന്നപ്പോൾ മനസിലായെന്നും’ സംവിധായകൻ പറയുന്നു. ‘മാലിന്യം വലിയ കൂമ്പാരമായി മല പോലെ ആവുകയാണ്. അത് ഒന്ന് മാറാൻ വേണ്ടി കത്തിക്കും’- അനിൽ തോമസ് പറഞ്ഞു.
Most Read: ‘ഇന്ത്യയെ അപമാനിച്ചു’; രാഹുലിന്റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യിക്കാൻ ബിജെപി നീക്കം