തിരുവനന്തപുരം: ആർഎസ്‌പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ പരസ്യ പ്രസ്‌താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് സംവിധാനത്തിനെതിരെ അഭിപ്രായങ്ങളും വിമർശനങ്ങളും പറയേണ്ടത് യുഡിഎഫ് യോഗത്തിലാണ്, അല്ലാതെ മാദ്ധ്യമങ്ങളോട് അല്ല. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്. വിമർശനങ്ങൾ യോഗത്തിൽ അറിയിച്ചാൽ ചർച്ച ചെയ്യുമെന്നും വിഡി സതീശൻ പറഞ്ഞു.
യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്‌തി അറിയിച്ച് ഇന്ന് ഷിബു ബേബി ജോൺ രംഗത്തെത്തിയിരുന്നു. പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്‌ചകൾ സംഭവിക്കുന്നുണ്ടെന്നാണ് ഷിബു ബേബി ജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.
യുഡിഎഫ് കുറേക്കൂടി കാര്യക്ഷമമാകണം. സമരങ്ങൾ കൂടുതൽ ശക്‌തിപ്പെടണം. പുതിയ നികുതി വർധനവിൽ എന്ത് സമരം വേണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവൻമാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആർഎസ്‌പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ പറഞ്ഞിരുന്നു.
അതേസമയം, ബിജെപിയെ സഹായിക്കാമെന്ന തലശേരി ബിഷപ്പിന്റെ പ്രസ്‌താവന വൈകാരികമായിരുന്നുവെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. റബർ കർഷകരുടെ സങ്കടങ്ങളിൽ നിന്നുണ്ടായ പ്രസ്‌താവനയായി മാത്രം അതിനെ കാണാം. എന്നാൽ, ക്രൈസ്‌തവ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നത് കണ്ടില്ലെന്ന് നടിക്കരുതെന്നും സതീശൻ ബിഷപ്പിനോട് ആവശ്യപ്പെട്ടു. റബർ കർഷകർക്ക് ഒരു ഗ്യാരന്റിയും ഭരണകൂടം നൽകുന്നില്ല. എന്നാൽ, അതിന്റെ പേരിൽ ബിജെപി ഭരണകൂടത്തെ പിന്തുണയ്‌ക്കാൻ ആവില്ലെന്നും സതീശൻ വ്യക്‌തമാക്കി.
കേന്ദ്ര സർക്കാർ റബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കുമെന്നായിരുന്നു തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനി ഇന്ന് തുറന്നടിച്ചത്. കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ചു തരും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കർഷകർ തിരിച്ചറിയണം. കുടിയേറ്റ ജനതയ്‌ക്ക് അതിജീവനം വേണമെങ്കിൽ രാഷ്‌ട്രീയമായി പ്രതികരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Most Read: 100 കോടി പിഴ; കൊച്ചി കോർപറേഷൻ കോടതിയിലേക്ക്