തിരുവനന്തപുരം: വിഡി. സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പുതുതായി കൊണ്ടുവന്ന വയോജന വകുപ്പിന്റെ മന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായി. മന്ത്രി സിപി. ജോണിന് വകുപ്പ് നൽകാനാണ് ധാരണ. ഗതാഗത വകുപ്പിന് പുറമെയാണ് സിഎംപിയിലെ സിപി. ജോണിന് വയോജന വകുപ്പ് കൂടി നൽകുന്നത്.
രാജ്യത്ത് ആദ്യമായാണ് പ്രത്യേക വകുപ്പ് വയോജനങ്ങൾക്കായി നടപ്പിലാക്കുന്നത്. അഞ്ച് ഇന്ദിരാ ഗ്യാരണ്ടികളാണ് തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്.
മറ്റൊന്ന് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രാ പദ്ധതിയായിരുന്നു. വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്തിട്ടും വയോജന വകുപ്പ് ആർക്കെന്ന കാര്യത്തിൽ തീരുമാനമായിരുന്നില്ല. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലും വയോജന വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെയാണ് സിപി. ജോണിന് നൽകാൻ ധാരണയായത്.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷിതത്വം, കൃത്യമായ പെൻഷൻ വിതരണം, അവർ നേരിടുന്ന ഒറ്റപ്പെടലുകൾക്ക് പരിഹാരം കാണൽ എന്നിവയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങൾ. ആസൂത്രണ ബോർഡ് മുൻ അംഗം കൂടിയായ സിപി. ജോണിന്റെ വികസന കാഴ്ചപ്പാടുകളും ഭരണപരിചയവും വകുപ്പിനെ മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തൽ.
Most Read| വൈറസ് വ്യാപനം; യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കി അമേരിക്ക






































