കൊച്ചി: ബ്രഹ്‌മപുരം പ്ളാന്റിലെ തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചി കോർപറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി കൊച്ചി കോർപറേഷൻ. ഹൈക്കോടതിയേയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് നീക്കം. നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക.
100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിയെ നിയമപരമായി തന്നെ നേരിടാനാണ് കൊച്ചി കോർപറേഷന്റെ നീക്കം. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചാൽ സ്‌റ്റേ നേടാനാകുമോയെന്നാണ് ആശങ്ക. വിഷയം പരിഗണിച്ചപ്പോഴൊക്കെയും കോർപറേഷൻ നടപടികളിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. അതിനാൽ, സുപ്രീം കോടതിയെ സമീപിക്കാനായിരിക്കും കൂടുതൽ സാധ്യത.
കോർപറേഷന്റെയോ സർക്കാരിന്റെയോ ഭാഗം കേൾക്കാതെയും നഷ്‌ടപരിഹാരം കണക്കാക്കാതെയുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടി എന്നാണ് കോർപറേഷന്റെ വാദം. 2012 മുതൽ ബ്രഹ്‌മപുരം പ്ളാന്റിൽ ഉണ്ടായ പിഴവുകളാണ് ഹരിത ട്രൈബ്യൂണലിനെ പ്രകോപിപ്പിച്ചതെന്നും കോർപറേഷൻ ആരോപിക്കുന്നു. 2019ൽ ദേശീയ ഹരിത ട്രൈബ്യൂണൽ സംഘം പ്ളാന്റ് സന്ദർശിച്ചപ്പോൾ നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാത്തതിനെ തുടർന്ന് രണ്ടു കോടി പിഴ ചുമത്തിയിരുന്നു.
ഇതിൽ ഒരു കോടി കെട്ടിവെച്ച ശേഷം കോർപറേഷൻ അപ്പീൽ നൽകി സ്‌റ്റേ വാങ്ങി. 2021 ജനുവരിയിൽ 14.92 കോടി രൂപ വീണ്ടും പിഴ ചുമത്തിയപ്പോഴും ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയിരുന്നു. അപ്പീൽ പോകണമെങ്കിൽ പിഴത്തുകയുടെ 50 ശതമാനം കെട്ടിവെക്കേണ്ടി വരും. ഇത് 50 കോടി രൂപ വരും. നിലവിൽ ഇത്രയും കോടി രൂപയുടെ സാമ്പത്തിക സ്‌ഥിതി കൊച്ചി കോർപറേഷനില്ല. അങ്ങനെയെങ്കിൽ സർക്കാർ സഹായത്തോടെ മാത്രമേ ഇനി കോർപറേഷന് അപ്പീൽ നൽകാൻ സാധിക്കുകയുള്ളൂ.
Most Read: നിയമസഭാ സംഘർഷം; തെളിവുകൾ ശേഖരിക്കാൻ അനുവാദം തേടി പോലീസ്