പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അന്തിമ വിധി ഈ മാസം 30ന്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറയുക. സംഭവം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂർത്തിയായതും തുടർന്ന് വിധി പ്രഖ്യാപിക്കുന്നതും. കഴിഞ്ഞ വെള്ളിയാഴ്‌ച ആണ് കേസിൽ അന്തിമ വാദം പൂർത്തിയായത്.
ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് എത്തുന്നത്. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവായ മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെടുന്നത്. സംഭവം നടന്ന് നാലു വര്‍ഷത്തിന് ശേഷമായിരുന്നു വിചാരണ ആരംഭിച്ചത്. മൂന്ന് പ്രോസിക്യൂട്ടർമാർ പിൻമാറിയതാണ് കേസിൽ വിചാരണ വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കൂറ് മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിക്കൽ അടക്കമുള്ള അസാധാരണ നടപടികൾ ഏറെയുണ്ടായ കേസ് കൂടിയാണിത്. കേസിൽ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
Most Read: ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി കോർപറേഷന് 100 കോടി പിഴ ചുമത്തി