മധു കൊലക്കേസ്; ഒന്നാം പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരുലക്ഷം പിഴയും

2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. തടവ് ഒന്നിച്ചു അനുഭവിച്ചാൽ മതി. പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

By Trainee Reporter, Malabar News
Madhu murder case
Ajwa Travels

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി മേച്ചേരി ഹുസൈന് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2, 3, 5, 6, 7, 8, 9, 10, 12, 13, 14, 15 പ്രതികൾക്ക് വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവും 1.05 ലക്ഷം പിഴയും വിധിച്ചിട്ടുണ്ട്. തടവ് ഒന്നിച്ചു അനുഭവിച്ചാൽ മതി.

പതിനാറാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ നേരത്തെ അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ചാൽ കേസിൽ നിന്ന് മുക്‌തനാകാം. പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. പിഴത്തുകയുടെ 50 ശതമാനം മധുവിന്റെ അമ്മയ്‌ക്കും ബാക്കി സഹോദരിമാർക്കും നൽകണമെന്നും കോടതി ഉത്തരവിട്ടു.

ആൾക്കൂട്ട ആക്രമണങ്ങളിൽ അവസാനത്തേത് ആകട്ടെ മധുവിന്റേതെന്ന് വിധി പ്രസ്‌താവത്തിനിടെ ജഡ്‌ജി പറഞ്ഞു. കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസിലെ രണ്ടു പ്രതികളെ വിട്ടയച്ചിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ, അന്യായമായി സംഘം ചേരൽ, മർദ്ദനം തുടങ്ങിയവയ്‌ക്ക് പുറമെ പട്ടികജാതി- പട്ടികവർഗക്കാർക്ക് എതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പ് അനുസരിച്ചും പ്രതികൾ കുറ്റം ചെയ്‌തതായി കോടതി കണ്ടെത്തി.

അതേസമയം, കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടും രണ്ടു പേരെ വെറുതെ വിട്ടതിനെതിരെയും അപ്പീൽ നൽകുമെന്ന് മധുവിന്റെ അമ്മയും സഹോദരിയും വ്യക്‌തമാക്കിയിട്ടുണ്ട്‌. നാലാം പ്രതി അനീഷിനെയും 11ആം പ്രതി അബ്‌ദുൾ കരീമിനെയും ആണ് കോടതി വെറുതെ വിട്ടത്. അതേസമയം, കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി എടുക്കാൻ കോടതി നിർദ്ദേശം നൽകി.

24 സാക്ഷികളാണ് കൂറുമാറിയത്. കൊലപാതകം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 2018 ഫെബ്രുവരി 22ന് ആണ് ഹുസൈന്റെ കടയിൽ നിന്ന് അരിയും മറ്റു പലചരക്ക് സാധനങ്ങളും മോഷ്‌ടിച്ചെന്ന് ആരോപിച്ചു പ്രതികൾ മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവന്നു മർദ്ദിച്ചത്. ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിൽ 45ലേറെ മുറിവുകൾ ഉണ്ടായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്‌തസ്രാവവുമാണ് മരണകാരണമെന്നാണ് മധുവിന്റെ പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്.

11 മാസം നീണ്ട സാക്ഷി വിസ്‌താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. ഈ മാസം 11ന് ആണ് അന്തിമവാദം പൂർത്തിയായത്. കേസിൽ ആകെ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരണെന്ന് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി വിധിച്ചിരുന്നു. ഹുസൈൻ ആണ് ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്‌ക്കാർ, ഷംസുദ്ദീൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12ആം പ്രതി സജീവ്, 13ആം പ്രതി സതീഷ്, 14ആം പ്രതി ഹരീഷ്, 15ആം പ്രതി ബിജു, 16ആം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.

Most Read: ഓടുന്ന ട്രെയിനിൽ തീയിട്ട കേസ്; പ്രതി മഹാരാഷ്‌ട്രയിൽ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE