പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മർദ്ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 16 പ്രതികളിൽ 14 പേരും കുറ്റക്കാരനെന്ന് കോടതി. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പറഞ്ഞത്. പ്രത്യേക കോടതി ജഡ്‌ജി കെഎം രതീഷ് കുമാറാണ് കേസ് പരിഗണിച്ചത്. ഹുസൈൻ ആണ് കേസിലെ ഒന്നാം പ്രതി. മരയ്‌ക്കാർ, ഷംസുദ്ദീൻ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. പ്രതികളുടെ ശിക്ഷ കോടതി നാളെ വിധിക്കും.
14 പേർക്കെതിരെയും നരഹത്യാ കുറ്റം തെളിഞ്ഞു. ഇതിൽ രണ്ടുപേരെ കോടതി മാറ്റി നിർത്തി. ഒന്നും രണ്ടും മൂന്നും പ്രതികൾക്ക് പുറമെ അഞ്ചാം പ്രതി രാധാകൃഷ്‌ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോൻ, 12ആം പ്രതി സജീവ്, 13ആം പ്രതി സതീഷ്, 14 ആം പ്രതി ഹരീഷ്, 15ആം പ്രതി ബിജു, 16ആം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ നാലാം പ്രതി അനീഷിനെയും 11ആം പ്രതി അബ്‌ദുൾ കരീമിനെയും കോടതി വെറുതെ വിട്ടു.
വിധി പകർപ്പ് വേഗത്തിൽ കിട്ടണം എന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം സബ്‌മിഷൻ നൽകി. പ്രതികൾ മധുവിനെ കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടുവന്ന് മുക്കാലിയിൽ എത്തിച്ചു മർദ്ദിക്കുകയായിരുന്നു. മധുവിന്റെ നെഞ്ചത്ത് ചവിട്ടി. മധു പിറകിലുള്ള ഭണ്ഡാരത്തിൽ തലയിടിച്ചു വീഴുകയായിരുന്നു. 2018 ഫെബ്രുവരി 22ന് ആണ് ഹുസൈന്റെ കടയിൽ നിന്ന് അരിയും മറ്റു പലചരക്ക് സാധനങ്ങളും മോഷ്‌ടിച്ചെന്ന് ആരോപിച്ചു പ്രതികൾ മധുവിനെ പിടിച്ചുകെട്ടി കൊണ്ടുവന്നു മർദ്ദിച്ചത്.
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ ശരീരത്തിൽ 45ലേറെ മുറിവുകൾ ഉണ്ടായിരുന്നു. തലക്കേറ്റ ക്ഷതവും ആന്തരിക രക്‌തസ്രാവവുമാണ് മരണകാരണമെന്നാണ് മധുവിന്റെ പോസ്‌റ്റുമോട്ടം റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകം നടന്ന് അഞ്ചു വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 11 മാസം നീണ്ട സാക്ഷി വിസ്‌താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. ഈ മാസം 11ന് ആണ് അന്തിമവാദം പൂർത്തിയായത്.
കേസിൽ ആകെ 16 പ്രതികളാണ് ഉള്ളത്. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ 127 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതിൽ മധുവിന്റെ ബന്ധുക്കൾ ഉൾപ്പടെ 24 സാക്ഷികൾ വിചാരണക്കിടെ കോടതിയിൽ കൂറുമാറിയിരുന്നു. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 77 പേരാണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. കൂറുമാറിയ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരായ നാലുപേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
Most Read: പ്രകോപനവുമായി ചൈന; അരുണാചലിലെ 11 സ്‌ഥലങ്ങൾക്ക് പുനർനാമകരണം