കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ തൈറോയിഡ് ശസ്‌ത്രക്രിയ കഴിഞ്ഞ യുവതിയെ അറ്റൻഡർ പീഡിപ്പിച്ച പരാതിയിൽ അതിവേഗ നടപടിയുമായി ആരോഗ്യവകുപ്പ്. സംഭവത്തിൽ അഞ്ചുപേരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. അതേസമയം, കേസിലെ പ്രതിയായ ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തു. പീഡനത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് അഞ്ചു പേർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ഒരു നഴ്‌സിങ് അസിസ്‌റ്റന്റ്, ഒരു ഗ്രേഡ് 2 അറ്റൻഡർ, മൂന്ന് ഗ്രേഡ് 1 അറ്റൻഡർമാർ എന്നിവർക്ക് എതിരെയാണ് നടപടി. പരാതിക്കാരിയുടെ മൊഴി തിരുത്താൻ സമ്മർദ്ദം ചെലുത്തിയ അഞ്ചു പേർക്കെതിരെ പോലീസും കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
സാക്ഷിയെ സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ശശീന്ദ്രനെതിരെ ശസ്‌ത്രക്രിയ വിഭാഗത്തിൽ ഉണ്ടായിരുന്ന നഴ്‌സുമാർ അടക്കം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രോഗിയെ ഓപ്പറേഷൻ തിയേറ്ററിൽ എത്തിക്കുന്ന ഡ്യൂട്ടി ആയിരുന്നു ശശീന്ദ്രന്. സംഭവ ദിവസം സ്‌ത്രീകളുടെ വാർഡിൽ രോഗിയുടെ വസ്‌ത്രം മാറിക്കിടക്കുന്നത് കണ്ടു ചോദ്യം ചെയ്‌തപ്പോൾ യൂറിൻ ബാഗ് മാറ്റാൻ വന്നതാണെന്ന് ശശീന്ദ്രൻ നഴ്‌സിനോട് പറഞ്ഞു.
എന്നാൽ, തൈറോയിഡ് ശസ്‌ത്രക്രിയക്ക് യൂറിൻ ബാഗ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടി ഇല്ലായിരുന്നു. തുടർന്ന് ശശീന്ദ്രനെ ശകാരിച്ചു ഇറക്കിവിട്ടെന്ന് നഴ്‌സ് പോലീസിനോട് പറഞ്ഞു. പീഡനത്തിന് ഇരയായ യുവതി ബോധം തെളിഞ്ഞപ്പോൾ ഭർത്താവിനോട് വിവരം പറയുകയായിരുന്നു. പോലീസിലും ആശുപത്രി അധികൃതർക്കും നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശശീന്ദ്രനെ അറസ്‌റ്റ് ചെയ്‌തത്.
Most Read: കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ഒരാഴ്‌ച സൂക്ഷ്‌മ നിരീക്ഷണം-ആരോഗ്യമന്ത്രി