പാലക്കാട്: എലപ്പുള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നു വയസുകാരന്റേത് കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അമ്മയെ അറസ്‌റ്റ് ചെയ്‌തു. ആസിയയാണ് അറസ്‌റ്റിലായത്.
എലപ്പുള്ളി ചുട്ടിപ്പാറ വേങ്ങോടി മുഹമ്മദ് ഷാൻ, ആസിയ ദമ്പതികളുടെ മകനെയാണ് ഇന്നലെ അബോധാവസ്‌ഥയിൽ കണ്ടെത്തിയത്. കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്‌റ്റുമോർട്ടത്തിൽ കുഞ്ഞിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പാടുമായി ബന്ധപ്പെട്ട് അമ്മ ആസിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസിന് മൊഴി നൽകുകയായിരുന്നു.
ദീർഘകാലമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന ആസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം ഇയാളെ അറിയിച്ചിരുന്നില്ല. തുടർന്ന് കുഞ്ഞുണ്ടെന്ന വിവരം കാമുകൻ അറിയാതിരിക്കാൻ മകനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ആസിയയുടെ മൊഴി. ആസിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Most Read: ഇന്നും മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്