വയനാട്: ഓണം കഴിഞ്ഞിട്ടും ജില്ലയിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്. ഓണത്തിന് മുന്നോടിയായി ഓഗസ്‌റ്റ് ഒന്ന് മുതൽ 20 വരെ സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഓണത്തിന് ശേഷവും കിറ്റ് വിതരണം പൂർത്തിയാക്കാത്ത ജില്ലകൾ ഒട്ടനവധിയാണ്. നിലവിൽ ജില്ലയിൽ വിതരണം ചെയ്യാനായി സ്‌റ്റോക്ക് ഇല്ലെന്നാണ് അധികൃതർ പറയുന്നത്.
ജില്ലയിലാകെ 2,26,920 റേഷൻ കാർഡുടമകളാണ് ഉള്ളത്. ഇതിൽ 1,95,913 പേർക്കും കിറ്റുകൾ ലഭിച്ചിട്ടുണ്ട്. ഇതോടെ 86.33 ശതമാനം പേർക്കാണ് ജില്ലയിൽ കിറ്റ് ലഭിച്ചത്. വൈത്തിരി താലൂക്കിലാണ് കിറ്റ് കിട്ടാനുള്ളവർ കൂടുതലുള്ളത്. 13,241 പേർക്കാണ് ഇവിടെ ഇനിയും കിറ്റുകൾ ലഭിക്കാനുള്ളത്. ഏറ്റവും കുറവ് സുൽത്താൻബത്തേരി താലൂക്കിലാണ്. ഇവിടെ 8,501 പേർക്ക് കൂടിയാണ് കിറ്റ് ലഭിക്കാനുള്ളത്. ഓണം കഴിഞ്ഞാലും കിറ്റ് ലഭിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, റേഷൻ കടകളിൽ എത്തുന്നവരെല്ലാം കിറ്റ് കിട്ടാതെ മടങ്ങി പോകുന്ന സ്‌ഥിതിയാണ്. നിലവിൽ പോർട്ടബിലിറ്റി സംവിധാനം ഉള്ളതിനാൽ റേഷൻ കാർഡ് കാണിച്ച് ഏത് റേഷൻ കടയിൽ നിന്നും കിറ്റുകൾ കിട്ടും. അതിനാൽ ചില കടകളിൽ കൂടുതൽ പേർ എത്തിയതാണ് സ്‌റ്റോക്ക് തീരാൻ കാരണമായതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം, സ്‌റ്റോക്ക് തീർന്ന കടകളിൽ എത്രയുംപെട്ടെന്ന് കിറ്റ് എത്തിക്കുമെന്ന് സിവിൽ സപ്ളൈസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Read Also: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി







































