ന്യൂ ഡെൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായ ജനപ്രതിനിധികളെ അറസ്‌റ്റ് ചെയ്‌ത് വിചാരണക്ക് ഹാജരാക്കാൻ പോലീസ് മടി കാണിക്കുന്നതായി കേരളാ ഹൈക്കോടതി. ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ വേഗം തീർപ്പാക്കാൻ കർമപദ്ധതി തയാറാക്കുന്നതിന് സുപ്രീം കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. (ഒരു കേസിൽ തീരുമാനമെടുക്കുന്നതിന് സഹായകമായ വിവരങ്ങൾ നൽകുന്ന, ആ കേസുമായി ബന്ധമില്ലാത്ത ഒരു വ്യക്‌തിയോ സംഘമോ സ്‌ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് പദത്തിന്റെ അർഥം). സുപ്രീം കോടതിയുടെ അമിക്കസ് ക്യൂറിയായ വിജയ് ഹൻസാരിയക്ക് മുന്നിലാണ് കേരളാ ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
Also Read: കേരളത്തിലെ 4 ജനപ്രതിനിധികൾ ജീവപര്യന്തം വരെ ലഭിക്കാവുന്ന കേസിലെ പ്രതികൾ
രാജ്യത്ത് ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ നീളുന്നു എന്ന് അറിയിച്ച് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ പൊതു ഹരജിയിലാണ് വിജയ് ഹൻസാരിയ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 324 കേസുകളാണ് കേരളത്തിലെ കീഴ്‌ക്കോടതികളിൽ നടപടി കാത്ത് കിടക്കുന്നത്. ഈ കേസുകളിലെ പ്രതികൾ എംപിമാരും എംഎൽഎമാരുമാണ്. ഇതിൽ 310 കേസുകളും മജിസ്‌ട്രേറ്റ് കോടതിയിലാണ്. 8 കേസുകൾ സെഷൻസ് കോടതിയിലും 6 കേസുകൾ വിജിലൻസ് കോടതിയിലും നിലവിലുണ്ട്. ഹൈക്കോടതിയിലുള്ള 12 കേസുകൾ തീർപ്പാക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്.
കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി കേരളാ ഹൈക്കോടതി അമിക്കസ് ക്യൂറിയെ അറിയിച്ചു. സാക്ഷി വിസ്‌താരം നടത്തുന്നതിന് പ്രത്യേക സൗകര്യം ഒരുക്കാൻ പണം അനുവദിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടതായി അമിക്കസ് ക്യൂറി സമർപ്പിച്ച 27 പേജ് ഉള്ള റിപ്പോർട്ടിൽ വ്യക്‌തമാക്കി. സമൻസ് അയക്കാനും വാറണ്ട് അയക്കാനും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരെ നിയോഗിക്കുന്ന സംവിധാനം ഉണ്ടായാൽ കേസുകൾ തീർപ്പാക്കുന്നതിന് സഹായകമാകുമെന്ന് അമിക്കസ് ക്യൂറി നിർദ്ദേശിച്ചു.