കീവ്: റഷ്യൻ സൈന്യം രാജ്യം കീഴടക്കാനുള്ള ആക്രമണം തുടരുമ്പോൾ കൂടുതൽ സാധാരണക്കാർ യുക്രൈൻ സേനയിൽ. 37,000 പേരാണ് നിലവിൽ യുക്രൈൻ സേനയുടെ ഭാഗമായത്. ഇവരെ കരുതൽ സേനയുടെ ഭാഗമാക്കി പോരാടാൻ സജ്ജരാക്കുകയാണ് യുക്രൈൻ. അതേസമയം യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കത്തിലാണ് റഷ്യൻ സംയം. യുദ്ധം തുടങ്ങി നാലാം ദിവസം ആയപ്പോഴേക്കും യുക്രൈനെ കൂടുതൽ കടന്നാക്രമിച്ച് എല്ലാ രീതിയിലും ഞെരുക്കാനുള്ള നീക്കമാണ് റഷ്യ നടത്തുന്നത്.
അതേസമയം നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്നാണ് യുക്രൈനോട് റഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി. എന്നാൽ രാജ്യം സ്വതന്ത്രമാകുന്നത് വരെ പോരാടുമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കി. ഒഡേസയില്‍ യുക്രൈന് വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തന ക്ഷമമായെന്നും യുക്രൈന് അവകാശപ്പെടുന്നുണ്ട്.
കൂടാതെ ഒഖ്തിർക്കയിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 6 വയസുകാരി ഉൾപ്പടെ 7 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഒപ്പം തന്നെ കീവിലും കാർകീവിലും റഷ്യ ഉഗ്ര സ്ഫോടനങ്ങളാണ് നടത്തുന്നത്. ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെയാണ് റഷ്യൻ സൈന്യം നിലവിൽ ആക്രമണം നടത്തുന്നത്. വീടുകൾക്കും, പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ആക്രമണം ശക്തമായതോടെ ജനങ്ങൾ ബങ്കറുകളിലും മെട്രോ സബ്വേകളിലും അഭയം തേടുകയാണ്. അതേസമയം തന്നെ യുദ്ധത്തിനെതിരെ സ്വന്തം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ അറസ്റ്റിലൂടെയും റഷ്യ നേരിടുന്നുണ്ട്.
Read also: ഉപഗ്രഹ ഇന്റർനെറ്റ് ആക്ടിവേറ്റ് ചെയ്ത് ഇലോൺ മസ്ക്; നന്ദിയറിയിച്ച് യുക്രൈൻ







































