കീവ്: റഷ്യൻ വ്യോമാക്രമണത്തെ തുടർന്ന് ചെർണിവിൽ ഇതുവരെ 47 പേർ കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് യുക്രൈൻ. ചെര്‍ണിവ് റീജിയണല്‍ സ്‌റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷനാണ് വിവരം സ്‌ഥിരീകരിച്ചത്. ആക്രമണത്തിൽ 38 പുരുഷൻമാരും 9 സ്‌ത്രീകളുമാണ് മരിച്ചതെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ പരിക്കേറ്റ 18 പേർ രക്ഷപെട്ടതായും അധികൃതർ അറിയിച്ചു.
അതേസമയം റഷ്യയുടെ ആക്രമണം രൂക്ഷമായതോടെ ഒരു ദശലക്ഷത്തിൽ അധികം ആളുകൾ ഇതിനോടകം തന്നെ യുക്രൈനിൽ നിന്നും അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്‌തതായി യുഎൻ അഭയാർഥി ഏജൻസി വ്യക്‌തമാക്കി. കൂടാതെ ഇന്ന് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയമായ സാപ്രോഷ്യക്ക് നേരെ റഷ്യയുടെ വ്യോമാക്രമണമുണ്ടായി. നിലവിൽ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി സാപ്രോഷ്യയിലെ സാഹചര്യം വിലയിരുത്തുകയാണ്.
യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവനിലയമാണ് സാപ്രോഷ്യ. ആണവനിലയത്തിലെ റിയാക്‌ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ വൻ ദുരന്തത്തിനാകും ലോകം സാക്ഷ്യം വഹിക്കുകയെന്ന് വിദഗ്‌ധർ വ്യക്‌തമാക്കി.
Read also: 20 വർഷം ഓട്ടോഡ്രൈവർ, ഇനി മേയർ; കുംഭകോണം കോർപറേഷന്റെ നായകനായി ശരവണൻ







































