കാസർഗോഡ്: മണി ചെയിൻ മാതൃകയിൽ 48 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാൾ അറസ്‌റ്റിൽ. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്‌നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദിനെയാണ് (28) കാസർഗോഡ് ഡിവൈഎസ്‍പി പിപി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
മംഗളൂരു, കാസർഗോഡ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നിന്നായി പ്രതി 423 പേരെ മണി ചെയിനിൽ നേരിട്ട് ചേർത്തതായി പോലീസ് കണ്ടെത്തി. മുഹമ്മദ് ജാവേദിന്റെ കീഴിൽ 4080 പേരെ ചേർത്ത് 47.72 കോടി രൂപ പിരിച്ചെടുത്തായി അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചു. ഇതിൽ നിന്ന് 1.08 കോടി രൂപ പ്രതിക്ക് ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമായി തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുകയാണെന്നും ഡിവൈഎസ്‍പി പറഞ്ഞു.
മലേഷ്യൻ കമ്പനി സ്‌കീം എന്ന വ്യാജേന ഏജന്റുമാർ വഴി മൈ ക്‌ളബ്ബ് ട്രേഡേഴ്‌സ് എന്ന ആപ്പിലൂടെയാണ് നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചിരുന്നത്. മഞ്ചേശ്വരത്ത് 2 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്‌റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. അന്ന് തട്ടിക്കൊണ്ട് പോയ യുവാക്കളിൽ ഒരാളാണ് അറസ്‌റ്റിലായ മുഹമ്മദ് ജാവേദ്.
Also Read: ലോക്ക്ഡൗണിലും വാക്‌സിനേഷൻ മുടങ്ങരുത്; സംസ്‌ഥാനങ്ങളോട് പ്രധാനമന്ത്രി








































