ബമാകോ: അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ടുപോയി. പടിഞ്ഞാറൻ മാലിയിലെ കോബ്രിയിലാണ് സംഭവം. തൊഴിൽ സ്ഥലത്ത് നിന്നാണ് ഇവരെ തോക്കിൻ മുനയിൽ നിർത്തി പിടിച്ചുകൊണ്ടു പോയതെന്നാണ് വിവരം. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
പ്രദേശത്തെ വൈദ്യുതീകരണ പദ്ധതിക്കായി എത്തിയ തൊഴിലാളികളാണ് ബന്ദികളാക്കപ്പെട്ടത്. തോക്കുധാരികളായ ഒരു സംഘം ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. മറ്റു തൊഴിലാളികളെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. അൽ ഖ്വയ്ദ- ഐഎസ്ഐഎസ് ബന്ധമുള്ള സംഘടനകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന.
ആഫ്രിക്കൻ രാജ്യമായ മാലിയിൽ സൈനിക നേതൃത്വമാണ് ഭരണം നിയന്ത്രിക്കുന്നത്. ആഭ്യന്തര സംഘർഷത്തിന് കാരണം അൽ ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികളായ ഭീകരവാദി സംഘടനകളുമാണെന്ന് സൈന്യം ആരോപിക്കുന്നു. വിദേശികളെ തട്ടിക്കൊണ്ടു പോകുന്നതും അവരെ വെച്ച് വിലപേശുന്നതും രാജ്യത്ത് പതിവാണ്.
സെപ്തംബറിൽ രണ്ട് യുഎഇ പൗരൻമാരും ഒരു ഇറാൻ പൗരനെയും ഭീകരവാദി സംഘടനകൾ തട്ടിക്കൊണ്ടുപോയിരുന്നു. വൻ തുക നൽകിയതിനെ തുടർന്നാണ് ഇവരെ മോചിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി മാലിയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാക്കിയ സാഹചര്യമാണുള്ളത്.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!







































