ന്യൂയോര്‍ക്ക്: അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്. ഐക്യരാഷ്‍ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട് ആൻഡ് സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ ആണ് പുതിയ റിപ്പോര്‍ട് പുറത്തു വിട്ടിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ താലിബാനും അല്‍-ഖ്വയിദയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.
2021 ഒക്‌ടോബറില്‍ ബിന്‍ ലാദന്റെ മകന്‍ അബ്‌ദുള്ള ബിന്‍ ലാദന്‍ താലിബാനുമായി കൂടിക്കാഴ്‌ച നടത്താന്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്, അല്‍-ഖ്വയിദ എന്നീ തീവ്രവാദ സംഘടനകളുടെയും മറ്റ് സഹ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഐക്യരാഷ്‍ട്രസഭ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, അഫ്ഗാനില്‍ താലിബാന് പുറമെ മറ്റ് വിദേശ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ താലിബാന്‍ നടപടികളെടുക്കുന്നതായി കാണുന്നില്ല എന്നും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീവ്രവാദ സംഘങ്ങള്‍ക്ക് അഫ്ഗാനില്‍ വലിയ സ്വാതന്ത്ര്യമാണുള്ളതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വര്‍ഷത്തില്‍ രണ്ട് തവണ ഐക്യരാഷ്‍ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ഇത്തരത്തില്‍ റിപ്പോര്‍ട് പുറത്തുവിടാറുണ്ട്.