കാബൂൾ: പെൺകുട്ടികളുടെ പഠനത്തിൽ വീണ്ടും വിലക്കുമായി താലിബാൻ. പെൺകുട്ടികൾ പത്ത് വയസിൽ പഠനം അവസാനിപ്പിക്കണമെന്നാണ് പുതിയ നിർദ്ദേശം. പത്ത് വയസിന് മുകളിലുള്ള വിദ്യാർഥികളെ സ്‌കൂളിലോ പരിശീലന കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂൾ മേധാവികൾക്ക് താലിബാൻ നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. ഗസ്‌നി പ്രവിശ്യയിലാണ് നിയന്ത്രണം.
മൂന്നാം ക്ളാസിന് മുകളിലുള്ള പെൺകുട്ടികളെയും പഠനത്തിനായി എത്തുന്നവരെയും വീടുകളിലേക്ക് തിരികെ അയക്കണമെന്നാണ് നിർദ്ദേശം. പത്ത് വയസിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്ന് കിഴക്കൻ അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള ആറാം ക്ളാസ് വിദ്യാർഥി ബിബിസിയോട് പ്രതികരിച്ചു.
താലിബാൻ അഫ്‌ഗാനിസ്‌ഥാനിൽ ഭരണം പിടിച്ചെടുത്തതിന് ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടികൾ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ യുഎന്നിൽ നിന്നും വിവിധ വിദേശ സർക്കാരുകളിൽ നിന്നും വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.
പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങളും ക്ളാസ് മുറികളുമാണ്. പെൺകുട്ടികളെ പ്രായമേറിയ അധ്യാപകനോ അധ്യാപികയോ മാത്രമേ പഠിപ്പിക്കാവൂ. താലിബാൻ ഭരണം പിടിച്ചെടുത്തതോടെ അഫ്‌ഗാനിൽ വനിതകൾക്ക് പാർക്കുകളിലും ജിമ്മുകളിലും ബ്യൂട്ടി പാർലറുകളിലും പോകുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വനിതകളെ സർക്കാർ ജോലികളിൽ നിന്ന് നീക്കി. പൊതുയിടങ്ങളിൽ മുഖമുൾപ്പടെ മറച്ചു നടക്കണമെന്നും ഉത്തരവുണ്ട്.
Most Read| പ്രതിപക്ഷം വികസന വിരോധികൾ; അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്ന് പ്രധാനമന്ത്രി