ന്യൂഡെൽഹി: പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യെ രൂക്ഷമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും, എന്നാൽ മറ്റാരെയും ചെയ്യാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു. പ്രതിപക്ഷം വികസന വിരോധികളാണ്. അഴിമതിയും കുടുംബാധിപത്യവും ഇന്ത്യ വിടണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ‘ഇന്ത്യ’ സഖ്യത്തെ സൂചിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിലെ അഞ്ചെണ്ണം ഉൾപ്പടെ രാജ്യത്തെ 508 റെയിൽവേ സ്‌റ്റേഷനുകളുടെ പുനരുദ്ധാരണത്തിന് തറക്കല്ലിടുന്ന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ വിമർശനം. ലോക്‌സഭാ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാനിരിക്കെയാണ് പ്രധാനമന്ത്രി വീണ്ടും ഇന്ത്യ സഖ്യത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. വികസനത്തെ കക്ഷി രാഷ്‌ട്രീയത്തിന്റെ പേരിൽ ചിലർ എതിർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ മുഴുവൻ വികസനമാണ് ബിജെപി സർക്കാരിന്റെ മുൻഗണന. നിർഭാഗ്യവശാൽ പ്രതിപക്ഷത്തിന്റെ ഒരു വിഭാഗം പഴയ രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. ക്വിറ്റ് ഇന്ത്യ സമരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം മുഴുവൻ അഴിമതിയും രാജവംശവും പ്രീണവും ഇന്ത്യ വിടണമെന്ന് ആവശ്യപ്പെടുകയാണ്. പുതിയ ഊർജം, പ്രചോദനം, നിശ്‌ചയദാർഢ്യം എന്നിവ ഉൾക്കൊണ്ട് രാജ്യം മുന്നേറുകയാണെന്നും മോദി പറഞ്ഞു.
രാജ്യത്തെ 508 റെയിൽവേ സ്‌റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ടു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി അമൃത് ഭാരത് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമാണ് പുനർവികസന പ്രക്രിയ. 25,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവഴിക്കുന്നത്. കേരളത്തിലെ പയ്യന്നൂർ, കാസർഗോഡ്, വടകര, തിരൂർ, ഷൊർണൂർ സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Most Read| നിർണായക ഘട്ടവും വിജയകരം; ചന്ദ്രയാൻ- 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു